രാജ്യാന്തരം
റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേക്ക്; ഇതുവരെ ലഭിച്ചത് 34 കോടി
ലോകത്തുള്ള മുഴുവൻ മലയാളികളുടെയും മങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ കൈപിടിച്ച് അബ്ദുൽ റഹീം ഇനി ജീവിതത്തിലേക്ക് തിരികെയെത്തും. സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുകയെന്ന വമ്പൻ ലക്ഷ്യത്തിലേക്ക് മലയാളികൾ ഒരുമനസ്സോടെ മുന്നിട്ടിറങ്ങിയപ്പോൾ ഭീമമായ തുക പിരിഞ്ഞുകിട്ടിയത് ദിവസങ്ങൾക്കുള്ളിൽ. 34 കോടി കൊടുക്കാനുള്ള സമയം അവസാനിക്കാന്‍ ഇനി മൂന്നു ദിവസമാണ് ബാക്കി. അതിന് മുമ്പുതന്നെ ആവശ്യമായ തുക സമാഹരിച്ച് അബ്ദുല്‍ റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
‘സേവ് അബ്ദുല്‍ റഹീം’ എന്ന മൊബൈല്‍ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്ദുള്‍ റഹീമിന്റെ വീട്ടിലേക്കും അബ്ദുള്‍ റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും സമീപിച്ചത്. ഒരു നാടിന്റെ കൂട്ടായ പ്രവര്‍ത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണം എത്തിക്കാന്‍ സഹായകമായി എന്നാണ് ദയാധന സമാഹരണ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ മാസം ഒരു കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിടത്തുനിന്നാണ് ഒരു നാട് ഒരുമിച്ചപ്പോള്‍ ഒരു മാസം കൊണ്ട് 34 കോടിയിലേക്ക് എത്തിയത്.
ഇവിടെ പിരിച്ചെടുത്ത പണം സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമംകൂടി നടത്തുന്നുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാന്‍ ശ്രമം തുടങ്ങി.
കേസില്‍ കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.