കേരളം
ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; ദർശനത്തിനെത്തുക ഒന്നരലക്ഷത്തോളം ഭക്തർ

ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ മകം തൊഴൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്തര വരെയാണ് ഭക്തർക്ക് മകം ദർശനത്തിനായി നട തുറക്കുക. ഒന്നരലക്ഷത്തോളം ഭക്തർ മകം ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. അതിനാൽ ക്ഷേത്ര പരിസരത്ത് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യു ഒരുക്കിയിട്ടുണ്ട്.
മകം ദർശിക്കാനെത്തുന്ന ഭക്തർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചോറ്റാനിക്കരയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മകം തൊഴാനെത്തുന്നത് കൂടുതലും സ്ത്രീകളാണ്. അന്ന് ദേവിയെ ദർശിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.
മലയാള മാസമായ കുംഭത്തിൽ മകം നക്ഷത്രം വരുന്ന ദിവസമാണ് മകം തൊഴൽ ആചരിക്കുക. ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ദിവസേന ആയിരക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു. മകം തൊഴൽ നാളിൽ സ്ത്രീകളായ ഭക്തർ ധാരാളമായി എത്തുകയും ക്ഷേത്രത്തിൽ അവർക്ക് മുൻഗണന നൽകുകയും ചെയ്യുന്നു.
ചോറ്റാനിക്കര മകം നാളിൽ ആറാട്ടിനായി ദേവിയുടെ മൂർത്തിയെ പുറത്തെടുക്കും. അവിടെ നിന്ന് ഭഗവതിയെ ധർമ്മ ശാസ്താവും പതിനൊന്ന് ആനകളും അനുഗമിച്ച് പൂരപ്പറമ്പ് എന്നറിയപ്പെടുന്ന തുറസ്സായ മൈതാനത്തേക്ക് എത്തും. ഉച്ചവരെ ഇവിടെ തങ്ങുന്നു. ഇവിടെ പരമ്പരാഗത ക്ഷേത്രമേളമായ പഞ്ചവാദ്യം അല്ലെങ്കിൽ പാണ്ടിമേളം നടക്കും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!