കേരളം
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റംസിന്റെയും ഇ.ഡിയുടെയും എതിര് വാദങ്ങള്‍ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇനി ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ല.
ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന് അംഗീകരിക്കുകയായിരുന്നു.
ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതര ആരോപണങ്ങളായിരുന്നു എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞതവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയത്.
മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിവരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.