കേരളം
ഇടത് സർക്കാരിന്റെ നവ കേരള സദസിന് കാസർകോട്ട് തുടക്കം
ഇടത് സർക്കാരിന്റെ നവ കേരള സദസിന് കാസർകോട്ട് തുടക്കം. ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്. തികച്ചും സർക്കാർ പരിപാടിയായ നവകേരള സദസിൽ നിന്നും സ്ഥലം എംഎൽഎയെ കോൺഗ്രസ് വിലക്കിയെന്ന് വിമർശിച്ച മുഖ്യമന്ത്രി, ആഡംബര ബസ് വിവാദങ്ങളും ഉദ്ഘാടനച്ചടങ്ങിൽ പരാമർശിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
2016 ന് മുൻപ് കേരളീയർ കടുത്ത നിരാശയിൽ ആയിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്താണ് ഇടത് സർക്കാർ ഭരണത്തിലെത്തിയത്. ദേശീയ പാതയെന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്ന റോഡുകൾ മെച്ചപ്പെടുത്തി. കേരളത്തിൽ ദേശീയ പാതാവികസനം ഇനി നടക്കില്ലെന്ന് ഒരു കാലത്ത് ജനം വിശ്വസിച്ചു. പക്ഷേ ഇന്നങ്ങനെയല്ല. സമയബന്ധിതമായി എല്ലാം പൂർത്തിയാക്കുമെന്ന് ജനം വിശ്വസിക്കുന്നു. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല.
നവ കേരള സദസ് പരിപാടി തീർത്തും സർക്കാർ പരിപാടിയാണ്. മഞ്ചേശ്വരം എംഎൽഎയെ പക്ഷേ യുഡിഎഫ് വിലക്കി. ഇത് ജനാധിപത്യ പ്രക്രിയക്കെതിരാണ്. ഈ നാട് എൽഎഡിഎഫ് എന്നതിൽ നിന്നും മാറി ജനമെത്തി. എൽഡിഎഫിന് അപ്പുറമുള്ള ജനങ്ങൾ പങ്കെടുത്തു. അവർക്ക് തിരിച്ചറിവ് ഉണ്ട്. ഇകഴ്ത്തി കാണിച്ചു വിവാദം ഉണ്ടാക്കാനാണ് ശ്രമം നടന്നത്.
നവകേരള സദസിനെ ഏതെല്ലാം തരത്തിൽ ഇകഴ്ത്തി കാണിക്കാമെന്നാണ് നോക്കിയത്. ആഡംബര ബസാണ് എന്നത് ഞങ്ങൾക്ക് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. ബസിന്റെ ആഡംബരം എന്താണെന്ന് പരിശോധിച്ചിട്ടും മനസ്സിലായില്ല. ഞങ്ങളുടെ പരിശോധന കൊണ്ട് മാത്രം അവസാനിപ്പിക്കേണ്ട. മാധ്യമപ്രവർത്തകർക്ക് ബസ്സിൽ കയറി ആർഭാടം പരിശോധിക്കാം.
മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാകുന്ന എന്തെങ്കിലും ഇടത് സർക്കാർ ചെയ്തോ? മാധ്യമങ്ങൾ ശത്രുതാപരമായിട്ടാണ് സർക്കാറിനോട് പെരുമാറുന്നത്. ബദൽ സാമ്പത്തിക നയം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഇടത് സർക്കാർ പൊതുമേഖലയെ സംരക്ഷിക്കുന്നു. ലൈഫിൽ നാല് ലക്ഷം വീടുകൾ പൂർത്തിയാക്കി. ഈ വീടുകളിൽ ലൈഫ് വക എന്ന് എഴുതി വയ്ക്കില്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടി സ്വീകരിക്കില്ല.