കേരളം
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ചാരായവില്പനക്കാരന് അവസാനം കുടുങ്ങി
എക്സൈസിനും പൊലീസിനും തലവേദനയായി മാറിയ . മേച്ചാല്‍ തൊട്ടിയില്‍ പോള്‍ ജോര്‍ജ്ജ് (43) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 16 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. യു-ട്യൂബ് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അവിടങ്ങളിലെ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിനോദ സഞ്ചാരികള്‍ക്ക് ചാരായ വില്‍പ്പന നടത്തി വന്നിരുന്ന ആളാണ് പോള്‍ ജോര്‍ജ്. ഒട്ടേറെ അബ്കാരി കേസുകളില്‍ പ്രതിയായ പോള്‍ ജോര്‍ജ് എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുകയായിരുന്നു പതിവ്. മൂന്നിലവ്, മേച്ചാല്‍, പഴുക്കാക്കാനം മേഖലയിലെ ചാരായ വില്‍പ്പനക്കാരനാണ് ഇയാളെന്ന് എക്സൈസ് വ്യക്തമാക്കി.
പ്രതിമാസം 100 ലിറ്ററിലേറെ ചാരായമാണ് ഇയാള്‍ വിറ്റിരുന്നത്. ഒരു ലിറ്റര്‍ ചാരായത്തിന് 1001 രൂപയാണ് ഇയാള്‍ വാങ്ങിയിരുന്നത്. ബൈക്കിലും കാറിലുമായാണ് ഇയാള്‍ ചാരായം വിതരണത്തിന് കൊണ്ടുപോയിരുന്നത്. ചാരായം വാഹനത്തില്‍ കയറ്റുമുമ്ബേ ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവയ്ക്കും. ഇതുവച്ചാല് പിന്നെ പൊലീസോ എക്സൈസോ തിരിഞ്ഞുനോക്കില്ലെന്നാണ് ഇയാളുടെ വിശ്വാസം. കൂടാതെ വില്പന പൊടിപൊടിക്കുകയും ചെയ്യും.
പോളിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത 150 ലിറ്റര്‍ വാഷ് എക്സൈസ് നശിപ്പിച്ചു. വാറ്റുപകരണങ്ങളും ചാരായവും തെളിവായി എക്സൈസ് കസ്റ്റഡിയിലെടുത്തു. ചാരായം കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാഡോ എക്സൈസ് സംഘാംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂര്‍, കെ.വി.വിശാഖ്, നൗഫല്‍ കരിം എന്നിവരാണ് ഇല്ലിക്കല്‍ക്കല്ലില്‍ എത്തി പോളിനെ കസ്റ്റഡിയിലെടുത്തത്. റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി.പിള്ള, പ്രിവന്റീവ് ഓഫീസര്‍ ബിനീഷ് സുകുമാരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എബി ചെറിയാന്, കെ.ടി.അജിമോന്, പ്രദീപ് ജോസഫ്, ജസ്റ്റിന് തോമസ്, പ്രിയ കെ.ദിവാകരന്, എക്സൈസ് ഡ്രൈവര്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.