കേരളം
കുണ്ടറ പീഡന പരാതി : യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകും
കുണ്ടറ പീഡന പരാതിയില്‍ വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയേക്കുമെന്ന് സൂചന.
പീഡന പരാതി ഒത്തുതീര്‍പ്പാക്കാനും കേസിനെ സ്വാധീനിക്കാനും ശ്രമിച്ചു എന്ന് കാണിച്ചാകും പരാതി നല്‍കുക. ദേശിയ മനുഷ്യാവകാശ കമ്മീഷനും ദേശിയ വനിതാ കമ്മീഷനും സമാന പരാതി യുവതി കൈമാറും. യുവതിയുടെ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ പ്രശ്നങ്ങളെന്ന് ഡി.ഐ.ജി ഇന്നലെ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പരാതി കൈകാര്യം ചെയ്യുന്നതില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടിട്ടും പരാതി തീര്‍പ്പാക്കിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന് എതിരെ യുവതി രംഗത്ത് വന്നേക്കും.
അതേ സമയം ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരാതി നല്‍കുന്നത്. കേസ്സില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നത് വൈകിയത് വിവാദമായിരുന്നു. കഴിഞ്ഞ ജൂൺ ഇരുപത്തിയെട്ടിനാണ് യുവതി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുപത്തിനാല് ദിവസത്തിന് ശേഷമാണ് കുണ്ടറ പൊലീസ് മൊഴിരേഖപ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. എന്നാല്‍ കേസ്സില്‍ ആരോപണ വിധേയനായ മുന്‍ എൻസിപി നേതാവായ പത്മാകരന്റെ അറസ്റ്റ് വൈകുന്നതില്‍ യുവതിയുടെ കുടുംബത്തിന് പ്രതിഷേധം ഉണ്ട്. ഇനിയും അറസ്റ്റ് വൈകിയാല്‍ കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാനാണ് യുവതിയുടെയും കുടുംബത്തിന്റെയും തീരുമാനം.