സാമ്പത്തികം
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold rate today
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ കുതിച്ചുയർന്ന പവനാണ് ഇന്നു നിറംമങ്ങിയത്. ഇന്നലെ ഒറ്റദിവസം പവന് 800 രൂപ വർധിച്ച് 49,440 രൂപയിലെത്തിയിരുന്നു. സ്വർണത്തിന്റെ പ്രാദേശിക വിപണികളിലെ റെക്കോഡ് നിലവാരമായിരുന്നു ഇത്.
ഇന്ന് പവന് 360 രൂപ താഴ്ന്ന് 49,080 രൂപയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,135 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം പ്രാദേശിക വിപണികളിൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നിലവാരത്തിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5105 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40,840 രൂപയുമാണ് വില. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയില്‍ നിന്ന് 01 രൂപ കുറഞ്ഞ് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.
പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം നിക്ഷേപകർ വൻതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയതോടെ ഞെട്ടലിലാണ് ഉപഭോക്താക്കൾ. വിവാഹ സീസൺ ആയതിനാൽ തന്നെ സ്വർണവില ഉയർന്ന് തന്നെ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്.
വിലവർദ്ധന ഈ രീതിക്ക് തുടർന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്വർണവില അമ്പതിനായിരം പിന്നിടും. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.