സാമ്പത്തികം
വീണ്ടും കത്തിക്കയറി സ്വര്‍ണവില; ആഗോള സ്വര്‍ണവിലയിലും കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 280 രൂപ വര്‍ധിച്ച് 54,280 രൂപയിലും, ഗ്രാമിന് 35 രൂപ കൂടി 6,785 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. മൂന്നു ദിവസം വിലമാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. അതേസമയം ഇന്നും, നാളെയുമായി രാജ്യത്ത് മുഹ്റം അവധി ആണെന്നിരിക്കേയാണ് നിലവിലെ വിലകുതിപ്പ്.
ആഗോള വിപണികളിലെ വിലവര്‍ധനയാണ് നിലവില്‍ പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4.38 ഡോളര്‍ വില കൂടി 2,426.83 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.37 ശതമാനം, അതായത് 101.49 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. ആറു മാസത്തെ ആഗോള സ്വര്‍ണവിലയിലെ കുതിപ്പ് 20.53% (412.62 ഡോളര്‍) ആണ്.
ആഗോള വിപണിയിലെ വിലമാറ്റങ്ങള്‍ ഡോളറിലായതിനാല്‍ തന്നെ നേരിയ വിലമാറ്റങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ ചലനങ്ങള്‍ക്കു വഴിവയ്ക്കും. ഡോളറിനെതിരേ രൂപ മോശം പ്രകടനം നടത്തുന്ന സമയമാണിത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, നിലവിലെ പ്രസിഡന്റ് ജോ ബൈഡനു മേല്‍ മുന്നേറുന്നത് ഡോളറിനെ ശക്തമാക്കുന്നു.
ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണ നിരക്ക് ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 53,000 രൂപയാണ്. ഈ മാസം 6, 7 തീയതികളില്‍ രേഖപ്പെടുത്തിയ 54,120 രൂപയായിരുന്നു ഇന്നലെ വരെയുള്ള ഏറ്റവും മികച്ച നിരക്ക്. ഇന്ന് 54,280 രൂപ രേഖപ്പെടുത്തിയതോടെ സ്വര്‍ണം മാസത്തെ ഏറ്റവും മികച്ച നിലവാരത്തിലെത്തി.
നിലവില്‍ സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണവില കുതിച്ച സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും വര്‍ധിച്ചേക്കാം. നിലവില്‍ വെള്ളി ഗ്രാമിന് 99.60 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 796.80 രൂപയും, 10 ഗ്രാം വെള്ളിക്ക് 996 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 99,600 രൂപയാണ്.