ദേശീയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ്; 17-ാം സീസണിന് ഇന്നു തുടക്കം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിന് ഇന്നു തുടക്കം.ചെന്നൈയിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. ഉദ്‌ഘാടന മത്സരം വൈകിട്ട് എട്ട് മുതലാണു. മറ്റു ദിവസങ്ങളില്‍ 7.30 മുതലാണു തുടങ്ങുക.
രണ്ടു മത്സരങ്ങളുടെ ദിവസങ്ങളില്‍ ആദ്യത്തേത് വൈകിട്ട് 3.30 നു തുടങ്ങും. ഇന്നത്തെ ഉദ്‌ഘാടന ചടങ്ങുകള്‍ വൈകിട്ട് 6.30 മുതലാണ്. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും പരിപാടികള്‍ തത്സമയം കാണാം.
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷിറോഫ് എന്നിവരും സംഗീത സംവിധാകയന്‍ എ ആര്‍ റഹ്‌മാന്‍, സോനും നിഗം തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങിനു മിഴിവാകും. ഇന്നിങ്‌സിന്റെ ഇടവേളയില്‍ സ്വീഡന്‍കാരനായ ഡിസ്‌കോ ജോക്കി ഡി ജെ അക്‌സ്വെല്ലിന്റെ സംഗീത പരിപാടിയും അരങ്ങേറും. ഉദ്‌ഘാടന ചടങ്ങുകള്‍ അരമണിക്കൂറുണ്ടാകുമെന്നാണ് ഐ പി എല്‍. സംഘാടക സമിതി നല്‍കുന്ന സൂചന. അഗുമെന്റഡ് റിയാലിറ്റി ഷോയുമുണ്ടാകുമെന്നാണു സൂചന.
കപ്പടിക്കാന്‍ പത്തു ടീമുകള്‍:
രണ്ടു മാസം നീളുന്ന ഐ പി എല്‍ ക്രിക്കറ്റ് പതിനേഴാമത് സീസണിന്റെ ഫൈനല്‍ മേയ് അവസാനമാണ്. മുന്‍ സീസണുകളെപ്പോലെ ഇത്തവണയും 10 ഫ്രാഞ്ചൈസികളാണു കിരീടത്തിനു വേണ്ടി പോരടിക്കുക. താരതമ്യം ചെയ്യുമ്പോള്‍ ചില മാറ്റങ്ങള്‍ ഈ ടൂര്‍ണമെന്റിനുണ്ട്. പ്രധാനമായും രണ്ടു മാറ്റങ്ങളാണു നിയമങ്ങളില്‍ വരുത്തിയത്. ആദ്യത്തേത് ഒരോവറില്‍ രണ്ടു ബൗണ്‍സറുകള്‍ എറിയാന്‍ അനുമതി നല്‍കുന്നതാണ്.
കഴിഞ്ഞ സീസണ്‍ വരെ ഒരോവറില്‍ എറിയാന്‍ ഒരു ബൗണ്‍സര്‍ മാത്രമേ എറിയാന്‍ അനുവാദമുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റുകളില്‍ ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍ നേരത്തെ തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. ബാറ്ററും ബൗളറും തമ്മിലുള്ള പോരാട്ടം സന്തുലിതമാക്കാന്‍ ഈ നിയമം സഹായിക്കും. രണ്ടാമത്തെ മാറ്റം സ്‌റ്റമ്പിങ് റിവ്യൂ പരിശോധിക്കുമ്പോള്‍ ഒപ്പം ക്യാച്ചാണോയെന്നതും തേഡ് അമ്പയര്‍ പരിശോധിക്കും. ഒരു സ്‌റ്റമ്പിങ് റഫറല്‍ വരുകയാണെങ്കില്‍ ക്യാച്ചാണോയെന്നാണ് ആദ്യം പരിശോധിക്കുക. ശേഷം മാത്രമേ സ്‌റ്റ്മ്പിങ് പരിശോധിക്കു. മറ്റു നിയമങ്ങളെല്ലാം പഴയതു പോലെ തുടരും.
വൈഡും നോ ബോളുമുള്‍പ്പെടെ ഇരുടീമുകള്‍ക്കും രണ്ടു റിവ്യു വീതം നല്‍കുന്നത് ഈ സീസണിലും തുടരും. ഐ പി എല്ലില്‍ പുതിയ സാങ്കേതിക വിദ്യ ഇത്തവണയുണ്ടാകും. സ്‌മാര്‍ട്ട് റീപ്ലേ സിസ്‌റ്റമെന്നാണു പേര്.
ഓണ്‍ഫീല്‍ഡ് റിവ്യുകള്‍ കണിശവും വേഗത്തിലുമാക്കാനുമാണ് ഈ സംവിധാനം. ടിവി അമ്പയര്‍ക്കു ഹോക്ക് ഐ ഓപ്പറേറ്റര്‍മാര്‍ വളരെ വേഗത്തില്‍ നേരിട്ട് ദൃശ്യങ്ങള്‍ നല്‍കുന്ന സംവിധാനമാണിത്. ടിവി അമ്പയറും ഹോക്ക് ഐ ഓപ്പറേറ്റര്‍മാരും ഒരേയിടത്തായിരിക്കും പ്രവര്‍ത്തിക്കുന്നത്. നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുകയും കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കി തീര്‍ക്കുകയും ചെയ്യും.
എട്ടു ഹോക്ക് ഐ ക്യാമറകളാണ് ഗ്രൗണ്ടിന്റെ വ്യത്യസ്‌ത ഭാഗങ്ങളിലായി സ്‌ഥാപിക്കുക. ദൃശ്യങ്ങള്‍ അപ്പപ്പോള്‍ തന്നെ ടിവി അമ്പപയറുടെ സ്‌ക്രീനില്‍ തെളിയും. സ്‌റ്റമ്പിങ്, റണ്ണൗട്ട്, ക്യാച്ച് എന്നിവയില്‍ കൃത്യമായ തീരുമാനത്തിലെത്താന്‍ ടിവി അമ്പയറെ സഹായിക്കും.