കേരളം
കളമശേരി സ്ഫോടനം; സംശയകരമായ രീതിയിൽ കാർ കണ്ടെത്തി
കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ സംശയകരമായ സാഹചര്യത്തിൽ കാർ കണ്ടെത്തിയെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ കാറിന്റെ ചിത്രം ലഭിച്ചു. കൺവെൻഷൻ സെന്ററിന്റെ ഗ്രൗണ്ടിൽ പാർക്കിങ് സൗകര്യമുണ്ടായിട്ടും പുറത്തേക്കാണ് കാർ പോയത്. നീല നിറത്തിലുള്ള ഈ കാർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി
നിലവിൽ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ ഒരാൾ കീഴടങ്ങിയിട്ടുണ്ട്. 48 വയസ്സുള്ള മാർട്ടിനെന്നയാളാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഹസ്യമായി ചോദ്യംചെയ്യാനാണ് നീക്കം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ പുറത്തുനിന്നുള്ളവർക്ക് വിലക്കുകളില്ലായിരുന്നു. ഇക്കാരണത്താൽ പുറത്തുനിന്നെത്തി ആക്രമണം നടത്താനുള്ള സാഹചര്യവും പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്‌കി. ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. മൊഴികളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം തയ്യാറാക്കും