കേരളം
കളമശേരി സ്ഫോടനം; മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം; അപലപിച്ച് ഗവർണർ
കളമശേരിയിൽ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ ഉണ്ടായ സ്ഫേടനം അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടന്നത് മനുഷ്യത്വത്തിനു നിരക്കാത്ത കുറ്റകൃത്യമാണെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും ഗവർണർ പറഞ്ഞു. തന്റെ ഹൃദയം വേദനിക്കുന്നുവെന്നും അപലപനീയമാണെന്നും ഗവർണർ പറഞ്ഞു.
നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഭീകരബന്ധം ഉണ്ടോയെന്ന് തനിക്ക് പറയാനാവില്ലെന്നും ഗവർണർ വ്യക്തമാക്കി. നിയമവാഴ്ച്ചയുള്ള നാട്ടിൽ ഒരിക്കലും അംഗീകരിക്കാനാകാത്ത സംഭവമാണ് നടന്നത്. സമാധാനപരമായ കൂട്ടായ്മയ്ക്ക് നേരെ നടന്ന സംഭവം അങ്ങേയറ്റം അപലപീനയം. താൻ വേദനിക്കുന്നവർക്കൊപ്പമാണ് ഗവർണർ പറഞ്ഞു.
സ്ഫോടനത്തിൽ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ കുറ്റം സമ്മതിച്ച് പൊലീസിൽ കീഴടങ്ങിയിരുന്നു. സംഭവത്തിലെ പ്രതി മാർട്ടിൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ശേഷം സ്ഫോടനം നടത്താനുണ്ടായ കാര്യങ്ങൾ വിശദീകരിച്ച് മാർട്ടിൻ ഫേസ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മാർട്ടിന്റെ പക്കൽ നിന്നും സ്ഫോടനത്തിനുപയോഗിച്ച റിമോട്ട് കണ്ടെത്തി. സ്ഫേടത്തിനായി ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്ന് പൊലീസിന് മാർട്ടിൻ മൊഴി നൽകിയിട്ടുണ്ട്. താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാർട്ടിൻ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറയുന്നു.