കേരളം
കെ.എം ഷാജിയുടെ വീട് പൊളിക്കേണ്ട; പകരം പിഴയൊടുക്കിയാല്‍ മതിയെന്ന് കോര്പറേഷന്
കെ.എം ഷാജി എം.എല്‍.എയുടെ അനധികൃത നിര്‍മാണം നടത്തിയ മാലൂര്‍കുന്നിലെ വീട് പൊളിക്കേണ്ടി വരില്ല. പകരം പിഴയൊടുക്കിയാല്‍ മതിയെന്ന് കോഴിക്കോട് കോര്പറേഷന് അറിയിച്ചു.
ഇതനുസരിച്ച് പുതുക്കിയ പ്ലാന്‍ എം.എല്‍.എ അംഗീകാരത്തിനായി കോര്പറേഷന് സമര്‍പ്പിച്ചു. 3000 സ്ക്വയര്‍ഫീറ്റിനു നല്കിയ അനുമതിയില്‍ 5600 സ്ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിച്ചെന്നായിരുന്നു കോഴിക്കോട് കോര്‍പറേഷന്റെ കണ്ടെത്തല്‍.
അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീട് പൊളിച്ചുനീക്കാന്‍ ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ എം.എല്‍.എയുടെ വിശദീകരണം പരിശോധിച്ച കോര്പറേഷന് വീട് പൊളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം പിഴയൊടുക്കിയാല്‍ മതി.
37 സെന്റില്‍ നിര്‍മിച്ച വീടിന് ഒന്നരലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരും. 1,38,590 രൂപ പിഴയടക്കമുള്ള നികുതി ഇനത്തിലും അനധികൃത നിര്‍മാണത്തിനുള്ള പിഴയായി 15,500 രൂപയുമാണ് അടയ്ക്കേണ്ടത്.
ഇതടയ്ക്കാമെന്ന് കാട്ടി കെ.എം ഷാജി എം.എല്‍.എ പുതുക്കിയ പ്ലാന്‍ അംഗീകാരത്തിനായി കോര്പ്പറേഷന് നല്കി. കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച് ആശയുടെ പേരിലുള്ള ഈ വീടിന് ഒരു കോടി അറുപതു ലക്ഷം രൂപ മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്.