കേരളം
അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു
ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുവാന്‍ തീരുമാനമായതായി സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
വാര്‍ഡുതല കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) ശക്തിപ്പെടുത്തും. വേളണ്ടിയന്‍മാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്സിനേഷന് പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി വരുന്നു. വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതാണ്.