കേരളം
കണ്ണൂരിൽ മൂന്നു ട്രെയിനുകൾക്കുനേരെ കല്ലേറ്; മൂന്നു പേർ അറസ്റ്റിൽ
കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി എക്സ്പ്രസ്, ചെന്നെ സൂപ്പർ ഫാസ്റ്റ്, ഓഖ-എറണാകുളം എക്സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടത്. കല്ലേറിൽ കോച്ചിന്റെ ജനൽച്ചില്ല് തകർന്നു.
രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂർ സൗത്തിനും ഇടയിലാണ്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നെ സൂപ്പർ ഫാസ്റ്റിന്റെ എ.സി. കോച്ചിന്റെ ജനൽച്ചില്ല് തകർന്നു. ഓഖ-എറണാകുളം എക്സ്പ്രസിന് (16337) നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുൻപിലെ ജനറൽ കോച്ചിൽ കല്ല് വീണു. ആർക്കും പരിക്കില്ല. മൂന്നും വ്യത്യസ്ത വണ്ടികളാണെങ്കിലും കല്ലേറ് ഒരേദിവസം ഒരേസമയം നടന്നത് റെയിൽവേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്.