കേരളം
ഹൈറിച്ച് ഉടമകൾ ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാകും

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പെന്ന കേസിലെ പരാതിയിൽ ഹൈറിച്ച് ഉടമകൾ അന്വേഷണ സംഘത്തിന് മുൻപിൽ ഇന്ന് ഹാജരാകും. 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ഹൈറിച്ച് ഉടമകളുടെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രതികൾ എന്നാരോപിക്കുന്ന കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നവരാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാവുക. ഇന്ന് രാവിലെ 10 മണിക്ക് കൊച്ചി ഇഡി ഓഫീസിലാണ് ഇരുവരും ഹാജരാകുന്നത്.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ പ്രതികള്‍ എന്ന് ആരോപിക്കുന്ന ഉടമകൾക്ക് കീഴടങ്ങിക്കൂടേയെന്നും, ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്നും കോടതി ചോദിച്ചിരുന്നു. അതനുസരിച്ചാണ് ഉടമകൾ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത്.
ഹൈറിച്ചിന് രാജ്യത്താകമനം 680 ഷോപ്പുകളുണ്ടെന്നും 1.63 കോടി ഉപഭോക്താക്കൾ ഉണ്ടെന്നും കണ്ടെത്തലുണ്ട്. ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ മാതൃകയിൽ നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്നാണ് പൊലീസ് റിപ്പോർട്ടിൽ. എന്നാൽ നിയമാനുസൃതമായാണ് കമ്പനി പ്രവർത്തിക്കുന്നത് എന്നും ചിലരുടെ വ്യക്തി താല്പര്യങ്ങൾക്ക് വിധേയമാകാത്തതുകൊണ്ട് ഉണ്ടായ പരാതി ആണ് ഇതെന്നും ഉടമകൾ പറയുന്നു.
ക്രിപ്റ്റോ കറൻസി ഉൾപ്പടെയുള്ള വ്യാപാരം 80ഓളം വിദേശ രാജ്യങ്ങളിൽ നടത്തിയുണ്ടെന്നും നിരവധി സാങ്കേതിക കാര്യങ്ങൾ ഉൾപ്പെട്ടതിനാൽ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതൽ സമയവും വേണമെന്നും ചേർപ്പ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം നാളിതുവരെയായി ഹൈറിച്ചിൽ നിക്ഷേപം നടത്തിയവർ പരാതിയുമായി എത്താത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. നാളിതുവരെ കൃത്യമായിത്തന്നെ നിക്ഷേപകർക്ക് ലാഭവിഹിതം കമ്പനി കൊടുത്തിട്ടുണ്ട് എന്ന് നിക്ഷേപകരും സാക്ഷ്യപ്പെടുത്തുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!