കേരളം
ഹൈറിച്ച് ഉടമ കെ.ഡി പ്രതാപൻ ഇഡിക്ക് മുൻപിൽ ഹാജരായി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ഹൈറിച്ച് കമ്പനി ഉടമയായ കെ.ഡി.പ്രതാപൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ (ഇഡി) ഹാജരായി. ഇന്ന് രാവിലെ 11.30 ഓടെയാണ് കൊച്ചി ഇഡി ഓഫീസിൽ ഹൈറിച്ച് ഉടമയായ കെ.ഡി.പ്രതാപൻ ഹാജരായത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. കമ്പനി സിഇഒയും ഭാര്യയുമായ ശ്രീന പ്രതാപനും ഹാജരായിട്ടുണ്ട്. 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ഹൈറിച്ച് ഉടമകളുടെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ പ്രതികള്‍ എന്ന് ആരോപിക്കുന്ന ഉടമകൾക്ക് കീഴടങ്ങിക്കൂടേയെന്നും, ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്നും കോടതി ചോദിച്ചിരുന്നു. അതനുസരിച്ചാണ് ഇന്ന് ഹൈറിച്ച് ഉടമയായ കെ.ഡി.പ്രതാപൻ ഹാജരായത്. നിയമാനുസൃതമായാണ് കമ്പനി പ്രവർത്തിക്കുന്നത് എന്നും ചിലരുടെ വ്യക്തി താല്പര്യങ്ങൾക്ക് വിധേയമാകാത്തതുകൊണ്ട് ഉണ്ടായ പരാതി ആണ് ഇതെന്നും ഉടമകൾ പറയുന്നു.
ക്രിപ്റ്റോ കറൻസി ഉൾപ്പടെയുള്ള വ്യാപാരം 80ഓളം വിദേശ രാജ്യങ്ങളിൽ നടത്തിയുണ്ടെന്നും നിരവധി സാങ്കേതിക കാര്യങ്ങൾ ഉൾപ്പെട്ടതിനാൽ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതൽ സമയവും വേണമെന്നും ചേർപ്പ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം നാളിതുവരെയായി ഹൈറിച്ചിൽ നിക്ഷേപം നടത്തിയവർ പരാതിയുമായി എത്താത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. നാളിതുവരെ കൃത്യമായിത്തന്നെ നിക്ഷേപകർക്ക് ലാഭവിഹിതം കമ്പനി കൊടുത്തിട്ടുണ്ട് എന്ന് നിക്ഷേപകരും സാക്ഷ്യപ്പെടുത്തുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!