കേരളം
ഹൈക്കോടതി പൊളിച്ചത് കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ കള്ളക്കളി;ചെന്നിത്തല
എന്‍ഫോഴ്സ്മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രഹസനത്തെയാണ് ഹൈക്കോടതി പൊളിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.യഥാര്‍ത്ഥത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന ഏജന്‍സികളും കള്ളനും പൊലീസും കളിക്കുകയായിരുന്നെന്നും സിപിഎം – ബിജെപി ഒത്തു തീര്‍പ്പിന്റെ ഭാഗമായി ജനങ്ങളെ പറ്റിക്കുന്നതിനായിരുന്നു ആ കള്ളക്കളിയെന്നും ചെന്നിത്തല പറഞ്ഞു.
ഇ.ഡിക്കെതിരെ കേസെടുക്കാനാവില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് കാലത്ത് അത് ചെയ്തത് ജനങ്ങളെ പറ്റിക്കാനുള്ള രാഷ്ട്രീയ സ്റ്റണ്ട് ആയിരുന്നു.സി.ആര്.പി.സി അനുസരിച്ച് ഇ.ഡിക്കെതിരെ കേസെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല.
ഇത്തരം കള്ളക്കളികള്‍ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബോധ്യമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനം സര്‍ക്കാര്‍ തന്നെ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.