കേരളം
കോവിഡ് വാക്സിന് ഇനി കൂടുതൽ സുരക്ഷ; കൊവിൻ ആപ്പിൽ ഇനി നാലക്ക സെക്യൂരിറ്റി കോഡ്
കൊവിൻ ആപ്പിൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്തവർക്ക് ഇന്നുമുതൽ സെക്യൂരിറ്റി കോഡും ലഭിക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഈ നാലക്ക കോഡ് അറിയിച്ചെങ്കിൽ മാത്രമെ വാക്സിൻ സ്വീകരിക്കാൻ സാധിക്കൂ.
വാക്സിൻ സ്ലിപ്പിലും ഡിജിറ്റൽ സർട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും. വാക്സിൻ എടുക്കാതെ തന്നെ കുത്തിവെയ്പ്പ് നടത്തിയെന്ന് സർട്ടിഫിക്കറ്റ് കിട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം.
മൊബൈൽ നമ്പർ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ബുക്കിംങ് ഉറപ്പായാൽ സെക്യൂരിറ്റി കോഡ് നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. ഈ കോഡ് ആരുമായും പങ്കുവയ്ക്കാൻ പാടില്ല. കുത്തിവെയ്പ്പ് എടുക്കുന്ന ദിവസം ഈ കോഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ അറിയിക്കണം. തട്ടിപ്പുകാരെ ഒഴിവാക്കാനും സെക്യൂരിറ്റി കോഡ് സംവിധാനത്തിലൂടെ കഴിയും.
സ്ലോട്ട് റദ്ദായവർക്കടക്കം വാക്സിൻ സ്വീകരിച്ചെന്ന സന്ദേശം ലഭിക്കുന്നതു പോലുള്ള പിഴവുകൾ പരിഹരിക്കുന്നതിനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.