കേരളം
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഫോർട്ട് കൊച്ചി
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഫോർട്ട് കൊച്ചി. അലങ്കാര വിളക്കുകളും നക്ഷത്രങ്ങളുമെല്ലാം നിറഞ്ഞ രാത്രികള്‍ ആസ്വദിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പതിവുപോലെ വെളി ഗ്രൗണ്ടിലൊരുക്കിയ മഴമരമാണ് പ്രധാന ആകർഷണം.
പുതുവർഷത്തെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ് കൊച്ചിക്കാർ. ആഘോഷത്തിന്റ മാറ്റ് കൂട്ടാൻ നിറങ്ങള്‍ പെയ്തിറങ്ങിയ പോലെ മഴമരവും തയ്യാറായി. 1500 സീരിയൽ ബള്‍ബുകളും നക്ഷത്രങ്ങളും പപ്പാഞ്ഞിയുമൊക്കെയായി 8 ലക്ഷം രൂപ ചെലവിലാണ് മരം അണിയിച്ചൊരുക്കിയത്. മരം കാണാന്‍ ആയിരങ്ങളാണ് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തുന്നത്.
പുതുവർഷപ്പിറവിയിൽ എരിഞ്ഞടങ്ങാനുള്ള പപ്പാഞ്ഞിയുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ഒപ്പം ദിവസവും നൈറ്റ്സ് യുണൈറ്റഡ് ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിൽ കലാപരിപാടികളും നടക്കുന്നുണ്ട്. കളിചിരികളും നൃത്തവുമൊക്കെയായി ഒരു നല്ല സായാഹ്നം ആസ്വദിക്കാൻ ഫോർട്ട് കൊച്ചി എല്ലാവരെയും മാടിവിളിക്കുകയാണ്.