കേരളം
ശ്രീ ചിത്ര ഡയറക്ടറായി ഇനി ഡോ. വി.കെ. അജിത് കുമാര്‍
സീനിയര്‍ ഗ്രേഡ് കാര്‍ഡിയോളജി പ്രൊഫസറും, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റും, ഇലക്ട്രോഫിസിയോളജി സ്പെഷ്യലിസ്റ്റുമായ ഡോ. വി.കെ. അജിത് കുമാറിനെ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിച്ചു. പ്രൊഫസര്‍ കെ ജയകുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
AFMC പൂനയിലെ പ്രാഥമിക മെഡിക്കല്‍ വിദ്യാഭ്യാസത്തിനു ശേഷം PGIMER പഞ്ചാബില്‍ നിന്നും, GB പന്ത് – ഡല്‍ഹിയില്‍ നിന്നും ഉന്നത മെഡിക്കല്‍ വിദ്യാഭ്യാസം പൂത്തിയാക്കി, തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നിന്ന് ഇലക്ട്രോഫിസിയോളജിയില് സൂപ്പര്‍ സ്പെഷ്യാലിറ്റി ഫെല്ലോഷിപ്പും ലഭിച്ചു. യുഎഇ, കുവൈറ്റ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗങ്ങളുടെ കണ്‍സള്‍ട്ടന്റും, മേധാവിയായും പ്രവര്‍ത്തിച്ചു.
1989 ല്‍ ശ്രീ ചിത്ര തിരുനാല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി പ്രവേശിച്ച ശേഷം, തുടര്‍ന്ന് ഇലക്ട്രോഫിസിയോളജി കാത്ത് ലാബും ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി പ്രക്രിയകളും ആരംഭിക്കുന്നതില്‍ നേതൃത്വം കൊടുത്തു.
ഭാരതത്തില്‍ ഇലക്ട്രോഫിസിയോളജി ഫെലോഷിപ്പ് കോഴ്സ് ആരംഭികുവാൻ നേതൃത്വം നല്കിയ പ്രൊഫസര്‍ അജിത് കുമാര്‍, രാജ്യത്തെ “റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍’ ‘ പ്രക്രിയകള്‍ ചെയ്യുന്ന സ്പെഷ്യലിസ്റ്റുകളില്‍ മുന്നിരയിലൊരാളാണ്. 2016 മുതല്‍ 2019 വരെ ശ്രീ ചിത്രയിലെ ‘കാര്‍ഡിയോളജി വിഭാഗം മേധാവിയായിരുന്നു” തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡീനായും സേവനമനുഷ്ഠിച്ചു.
“സൊസൈറ്റി ഫോര്‍ കൊറോണറി ഇമേജിംഗ് ആന്‍ഡ് ഫിസിയോളജി” ദേശീയ പ്രസിഡന്റായും, സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെല്യൂര് & ട്രാന്‍സ്പ്ലാന്റ് വൈസ് പ്രസിഡന്റായും “കാർഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍” , ‘കേരള ഹാര്‍ട്ട് റിഥം സൊസൈറ്റി” എന്നിവയുടെ മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് . ശ്രീ ചിത്രയിലെ തന്നെ സുപ്രധാന കമ്മിറ്റികളായ അക്കാഡമിക് കമ്മറ്റി, ഗവണ്മെന്റ് ബോഡി, ടെക്നോളജി ട്രാന്‍സ്ഫര്‍ കമ്മിറ്റി, ടെക്നോളജി റിസർച്ച് കണ്‍സില്‍, ചെയര്‍, കാര്‍ഡിയാക് സയന്‍സ് കമ്മിറ്റി എന്നിവയിലും അംഗമായി സേവനമനുഷ്ഠിച്ചു.
നിലവില്‍ ഭാരത സര്‍ക്കാര്‍ മെറ്റീരിയ-വിജിലന്‍സ് കമ്മിറ്റി അംഗമാണ്. ജന്മസ്ഥലം തൃശൂര്‍ ജില്ലയിലെ കഞ്ജനിയിലാണ്. ഡോക്ടര്‍ വലപ്പറമ്പില്‍ കുമാരന് പിതാവാണ്. ശ്രീമതി ജയശ്രീ പി എസ് ഭാര്യയും, ഡോക്ടര്‍മാരായ കാര്‍ത്തികയും സാരികയും മക്കളുമാണ്.