ദേശീയം
രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തി
രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇത് കൂടുതല്‍ പേരില്‍ കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിങ് എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് കണ്‍സോര്‍ട്ടിയം ലാബുകളില്‍ നടത്തിയ ജീനോം സീക്വന്‍സിങ് ടെസ്റ്റില്‍ രാജ്യത്ത് ഇതുവരെ 10787 പേരില്‍ നിന്ന് 771 കോവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്.
ഇന്ന് 47,262 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1.17 കോടിയെത്തി. ബിഹു, വിഷു, ഈദ് ഉല് ഫിത്തര്‍ പോലെ വരും ദിനങ്ങളിലെ ഉത്സവങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കൊവിഡിന്റെ പുത്തന്‍ വകഭേദങ്ങള്‍ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് അതിവേഗം പടരുന്ന പത്ത് ജില്ലകളില്‍ ഒന്‍പതും മഹാരാഷ്ട്രയിലാണ്.
അതേ സമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹം പോലെയുളള ചടങ്ങുകളില്‍ എണ്ണം കുറയ്ക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും രാജേഷ് ഭൂഷണ് പറഞ്ഞു. അതല്ലാത്ത പക്ഷം സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു.