കേരളം
കൊച്ചി എയര്‍പോര്‍ട്ടിൽ ചെക്ക് ഇൻ ഇനി കൂടുതൽ എളുപ്പം; ഒക്ടോബർ മുതൽ ഡിജിയാത്ര
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ എളുപ്പമാകും. ഒക്ടോബർ രണ്ട് മുതൽ ഡിജിയാത്ര സംവിധാനം ഔദ്യോഗികമായി ആരംഭിക്കുന്നതോടെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെക്ക് ഇൻ കുടുതൽ കാര്യക്ഷമവും സുഗമവുമാകും. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഡിജിയാത്ര ഇ-ബോർഡിങ് സോഫ്റ്റവെയർ പരീക്ഷണാർത്ഥം ഉപയോഗിച്ചുവരുന്നുണ്ട്.
വിമാനത്താവളത്തിൽ പരിശോധനയ്ക്കായി ചിലവഴിക്കുന്ന സമയം ലാഭിക്കാം എന്നതാണ് ഡിജിയാത്രയുടെ പ്രത്യേകത. ആഭ്യന്തര ടെർമിനലിലെ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ-ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഡിജി യാത്രക്കാർ ടെർമിനലിൽ പ്രവേശിക്കുന്നതിന് മുമ്പ് സെക്യൂരിറ്റി ഓഫീസറെ ടിക്കറ്റും ഐഡി കാർഡും കാണിക്കേണ്ട കാര്യമില്ല.
ഇവർക്ക് ചെക്ക് ഇൻ കൗണ്ടറിലും ഹാൻഡ് ബാഗ്, ദേഹ പരിശോധന കൗണ്ടറിലും പ്രത്യേക കൗണ്ടറുള്ളതിനാൽ ക്യൂവിൽ അധികസമയം നിൽക്കണ്ട. ബോർഡിങ് ഗേറ്റിലും ഡിജി കൗണ്ടറിലൂടെ പ്രവേശിക്കാം. ആധാർ ബന്ധിതമായ മൊബൈൽ നമ്പർ ഉള്ളവർക്ക് മാത്രമാണ് നിലവിൽ ഡിജിയാത്ര സേവനം ലഭ്യമായിട്ടുള്ളത്.