Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വിശദാംശങ്ങൾ

WhatsApp Image 2021 04 26 at 5.37.59 PM

ഇന്ന് രോഗബാധയുണ്ടായത് 37199 പേർക്കാണ്. ആകെ നടത്തിയ പരിശോധന- 149487
ഇന്ന് കോവിഡ് ബാധിച്ചു 49 പേർ മരണമടഞ്ഞു. സംസ്ഥാനത്ത് ചികിത്സയിലുള്ളവർ 303733 ആണ്. സ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമേ രോഗം വല്ലാതെ വർദ്ധിക്കുന്ന ജില്ലകളിൽ പൂർണ ലോക് ഡൗൺ ആലോചിക്കേണ്ടി വരും.

നാലാം തിയതി മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളിലേക്കാണ് പോകുന്നത്.
സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടൽ, റസ്റ്റാറന്റുകളിൽ നിന്ന് പാഴ്സൽ മാത്രമേ നൽകാൻ പാടുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. എയർപോർട്, റെയിൽവെ യാത്രക്കാർക്ക് തടസ്സം ഉണ്ടാവില്ല.

ഓക്സിജൻ, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കൾ, സാനിറ്റേഷൻ വസ്തുക്കൾ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും. ടെലികോം, ഇന്റർനെറ്റ് എന്നീ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്യാണം 50 മരണ ചടങ്ങുകൾ 20.അധികരിക്കാതിരിക്കാൻ കരുതൽ വേണം. അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല.
റേഷൻ , സിവിൽ സപ്ലൈസ് ഷോപ്പുകൾ തുറക്കും. നിയന്ത്രണങ്ങളുടെ വിശദശാംശം ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കുന്നുണ്ട്. എല്ലാ ആരാധനാലയങ്ങളിലും 50 എന്ന അർത്ഥത്തിൽ ആകരുത്. ചില സ്ഥലങ്ങളിൽ തീരെ സൗകര്യം ഉണ്ടാകണമെന്നില്ല. വലിയ സൗകര്യമുള്ള സ്ഥലത്താണ് 50. സൗകര്യം കുറഞ്ഞ സ്ഥലത്ത് അതിനനുസരിച്ച് ആളുകളുടെ എണ്ണവും കുറക്കണം.

രാജ്യത്തെ കോവിഡ് വ്യാപനം അത്യധികം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന മരണ സംഖ്യ 3500-നു മുകളിൽ എത്തിയിരിക്കുന്നു. ഏകദേശം നാലു ലക്ഷത്തോളം കേസുകൾ എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും കേസുകൾ കൂടി വരുന്ന സാഹചര്യം തന്നെയാണുള്ളത്. 
അമേരിക്കൻ ജേർണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻ്റ് ഹൈജീനും, പ്രൊസീഡിങ്ങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസും നടത്തിയ പഠനഫലങ്ങൾ ഈ ഘട്ടത്തിൽ നമ്മൾ ഗൗരവത്തോടെ കാണേണ്ടതാണ്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്കുകളുടെ ഉപയോഗം കർക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്നവർ കണ്ടെത്തി. മാസ്കുകളുടെ ശാസ്ത്രീയമായ ഉപയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 

വീടിനു പുറത്തെവിടേയും ഡബിൾ മാസ്കിങ്ങ് ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് പല തവണ വിശദമാക്കിയതാണ്. അത്രയും പ്രധാനപ്പെട്ട കാര്യമായതുകൊണ്ട്, അക്കാര്യം വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ഡബിൾ മാസ്കിങ്ങ് ചെയ്യുക എന്നാൽ രണ്ടു തുണി മാസ്കുകൾ ധരിക്കുക എന്നതല്ല. ഒരു സർജിക്കൽ മാസ്ക് ധരിച്ചതിനു ശേഷം അതിനു മുകളിൽ തുണി മാസ്ക് വെക്കുകയാണ് വേണ്ടത്. ഈ തരത്തിൽ മാസ്കുകൾ ധരിക്കുകയും, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താൽ രോഗബാധ വലിയ തോതിൽ തടയാൻ നമുക്ക് സാധിക്കും.

മാസ്കുകൾ ധരിക്കുന്നതിൻ്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണമെന്നുകൂടി അഭ്യർഥിക്കുകയാണ്. സിനിമാ സാംസ്കാരിക മേഖകളിലെ പ്രമുഖരും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും, മാധ്യമപ്രവർത്തകരും ഉൾപ്പെടെ എല്ലാ തുറകളിലുള്ളവരും മാസ്കുകൾ ധരിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ഇടപെടൽ നടത്തണം. അത്തരത്തിലുള്ള ഇടപെടൽ നമ്മുടെ അയൽരാജ്യമായ ബംഗ്ളാദേശിൽ മികച്ച മാറ്റമുണ്ടാക്കിയെന്ന് പ്രസിദ്ധമായ യേൽ സർവകലാശാലയുടെ പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ അത്തരമൊരു ഇടപെടൽ എല്ലാവരിൽ നിന്നുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. 
ഓഫീസ് ഇടങ്ങളിൽ പലപ്പോളും ഇത്തരം ശ്രദ്ധ കുറയുന്ന ഒരു പ്രവണത ഉണ്ട്. മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലിസ്ഥലങ്ങളിൽ ഉണ്ടാകാൻ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും  ഒഴിവാക്കേണ്ടതാണ്. 

ഭീതിയ്ക്ക് കീഴ്പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. എന്നാൽ അറിഞ്ഞും അറിയാതെയും ജനങ്ങളെ അടിസ്ഥാനരഹിതമായ ആശങ്കകളിലേയ്ക്ക് തള്ളിവിടാനുള്ള ശ്രമങ്ങൾ ചിലരെങ്കിലും നടത്തുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന വിമർശനങ്ങൾ അനിവാര്യമാണെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ വാസ്തവവിരുദ്ധവും അതിശയോക്തി കലർത്തിയതും ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഇതുപോലൊരു ഘട്ടത്തിൽ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കും. 

കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ജില്ലാ കളക്ടർ അടപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പും താക്കീതും നൽകിയിട്ടും ഗൗരവം ഉൾക്കൊള്ളാത്ത സ്ഥാപനങ്ങൾക്ക് നേരെ തുടർന്നും സംസ്ഥാനത്താകെ കർശന നടപടിയെടുക്കാനാണ് തീരുമാനം.  

ഹാർബറുകളിൽ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതൽ ശക്തിപ്പെടുത്തും.
പത്തനംതിട്ട ജില്ലയിൽ ആശുപത്രികളിൽ നേരിട്ട നേരിയ ഓക്സിജൻ ക്ഷാമം പൂർണമായി പരിഹരിച്ചു. 90 ഇൻഡട്രിയൽ ഓക്സിജൻ സിലണ്ടറുകൾ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറി. സൂപ്പർ മാർക്കറ്റ്, വാഹന ഷോറൂമുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വലിയ തുണികടകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ നടത്തിപ്പുകാർ തന്നെ മുൻകൈ എടുക്കണം.

ആലപ്പുഴ ജില്ലയിൽ കോവിഡ് ബാധിതർക്കായി കഞ്ഞിക്കുഴിയിലും തണ്ണീർമുക്കത്തും ടെലി കൗൺസിലിങ് സെന്റർ / കോൾ സെന്റർ ആരംഭിച്ചു. ആംബുലൻസുകൾ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് ആംബുലൻസുകൾ ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ എല്ലാ താലൂക്കുകളിലും സെക്കൻഡ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 15 സി.എഫ്.എൽ.ടി.സികളും 33 ഡൊമിസിലിയറി കെയർ സെൻററുകളുമുണ്ട്.

കോവിഡ് ബാധിച്ചവരുടെ എണ്ണത്തെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ കഴിഞ്ഞ ദിവസം വോയിസ് മെസ്സേജായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുണ്ടായി. . ഈ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങളും ചിത്രങ്ങളും തയ്യാറാക്കുന്നവര്‍ക്കെതിരെ മാത്രമല്ല, പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ‘ ഓക്‌സിജൻ വാർ റൂം’ പ്രവർത്തനമാരംഭിച്ചതിന് പുറമെ ആശുപത്രി ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനുള്ള ഷിഫ്റ്റിംഗ് കൺട്രോൾ റൂം, ഡാറ്റാ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി.
സ്റ്റേഡിയം മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ് രണ്ട് വാർ റൂമുകളും പ്രവർത്തിക്കുക. 80 ഓളം പേരെ ഇവിടേക്ക് നിയോഗിച്ചു.

പാലക്കാട്ട് കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം 6 മണി വരെ തുറന്നു പ്രവർത്തിക്കുക, പൊതു വാഹനഗതാഗതത്തിന് പൂർണ്ണമായ നിരോധനം, ആഴ്ച ചന്തകൾ, വഴിവാണിഭങ്ങൾ എന്നിവയ്ക്ക് പൂർണമായ നിരോധനം, ഹോട്ടലുകളിൽ ഹോം ഡെലിവറി, പാർസൽ സർവീസ് എന്നിവയ്ക്ക് മാത്രം അനുവാദം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്.

കോവിഡ് ചികിത്സയിൽ ഓക്‌സിജൻ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ കോഴിക്കോട് ജില്ലയിൽ ജാഗ്രതാ സമിതിക്ക് രൂപം നൽകി. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം ഉണ്ടാവണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ ആർ ആർ ടി കളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായി തദ്ദേശ സ്ഥാപനതലത്തിൽ 15000ത്തോളം പുതിയ വോളന്റീയർമാരെ സജ്ജമാക്കിയിട്ടുണ്ട്. ക്വാറന്റീൻ നിരീക്ഷണം, സഹായമെത്തിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്തും. കാസർകോട് ജില്ലയിൽ ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി 1.93 കോടി രൂപ ചെലവിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കും. എല്ലാ ജില്ലകളിലും ഓക്സിജൻ വാർ റൂമുകൾ ആരംഭിക്കുകയാണ്. സംസ്ഥാന തലത്തിൽ ഓക്സിജൻ വാർ റും ഉണ്ടാവും.

ജില്ലാതലത്തിൽ പരിഹരിക്കാനാവാത്ത വിഷയങ്ങൾ ഇവിടേക്ക് വിടാം. ആവശ്യമായ ബെഡുകൾ, ഐസിയു, വെൻ്റിലേറ്റർ, ആംബുലൻസ് തുടങ്ങി എല്ലാ സൗകര്യങ്ങളും മുൻപുണ്ടായിരുന്നതിനേക്കാൾ വർദ്ധിച്ചു കഴിഞ്ഞു. സൗകര്യങ്ങളുടെ ശാക്തീകരണം തുടർന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖലയിലെ മനുഷ്യവിഭവവും ശക്തമാക്കുകയാണ്. ഇത്തരത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാനുള്ള പരമാവധി പ്രവർത്തനങ്ങളുമായി സർക്കാർ ഈ നാടിനു കാവലൊരുക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ ആരോഗ്യസംവിധാനത്തിൻ്റെ പരിധിയ്ക്ക് മുകളിലോട്ട് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ട്.

അതുകൊണ്ട് അനാവശ്യമായ ഭീതിയ്ക്കോ ആശങ്കയ്ക്കോ കീഴ്പ്പെടാതെ, സമൂഹമെന്ന നിലയ്ക്ക് കാണിക്കേണ്ട ജാഗ്രതയാണ് എല്ലാവരിൽ നിന്നുമുണ്ടാകേണ്ടത്. സർക്കാരിനും ആരോഗ്യസംവിധാനങ്ങൾക്കും ജനങ്ങളിൽ നിന്നു ലഭിക്കേണ്ട പിന്തുണ നിങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ്. അതു നൽകുമെന്നു ഉറപ്പു വരുത്തുക. എങ്കിൽ ഈ മഹാമാരിയെ വിജയകരമായി നമ്മൾ മറികടന്നിരിക്കും. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല. കേസുകൾ കൂടിവരുന്ന ഇടങ്ങളിൽ  144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. അതിൽ തന്നെ കൂടുതൽ നിയന്ത്രണങ്ങൾ ആകാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി/ ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ലാ കലക്ടർ (ജില്ലാ മജിട്രേറ്റ് ) എന്നിവർക്കു മാത്രമാണ് ഈ ഉത്തരവുകൾ അതത് സാഹചര്യങ്ങളിൽ ഇറക്കാനുള്ള അധികാരങ്ങൾ ഉള്ളത്.

കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ്. മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തണം. ഇത് കോട്ടയം ജില്ലയില്‍ വിജയകരമായി ചെയ്തുവരുന്നുണ്ട്.

പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും പോലീസ് ഒരു ജനമൈത്രി വോളണ്ടിയറെ വീതം നിയോഗിക്കും. ക്വാറന്‍റൈന്‍ ലംഘനങ്ങളെക്കുറിച്ച് പോലീസിന് വിവരം നല്‍കുകയും കോവിഡ് പോസിറ്റീവ് രോഗികള്‍ക്കും പ്രൈമറി കോണ്‍ടാക്റ്റിലുളളവര്‍ക്കും ബോധവല്‍ക്കരണം നല്‍കുകയുമാണ് ഇവരുടെ പ്രധാന ചുമതല. വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ അക്കാര്യം സ്വമേധയാ അധികൃതരോട് വെളിപ്പെടുത്താന്‍ തയ്യാറാകണം. വീടുകളില്‍ കഴിയുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് അക്കാര്യം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂം നമ്പറിലോ അറിയിക്കാം.

കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന നാളെയും മറ്റെന്നാളും ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ഡോക്റ്ററോ ആശുപത്രി അധികൃതരോ നല്‍കുന്ന കത്തോ സ്വയം പ്രസ്താവനയോ കയ്യില്‍ കരുതി വളരെ അത്യാവശ്യകാര്യങ്ങള്‍ക്ക് യാത്ര ചെയ്യാം.

മാര്‍ക്കറ്റിലെ സ്ഥാപനങ്ങളും കടകളും നിശ്ചിതസമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുവെന്ന് മാര്‍ക്കറ്റ് കമ്മിറ്റികള്‍ ഉറപ്പ് വരുത്തണം. ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുമായി പോലീസ് സ്ഥിരമായി സമ്പര്‍ക്കം പുലര്‍ത്തണം.
ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം സഞ്ചരിക്കുന്നതാണ് ഉചിതം. കുടുംബാംഗങ്ങള്‍ ആണെങ്കില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ രണ്ടുപേരും രണ്ടുമാസ്ക്ക് വീതം ധരിച്ചുമാത്രമേ യാത്ര ചെയ്യാവൂ.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് ഡിവൈ.എസ്.പിമാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അവരുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കണം.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാസ്ക് ധരിക്കാത്ത 21,638 പേര്‍ക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 10,695 കേസുകളും രജിസ്റ്റര്‍ ചെയ്തു. 66,52,200 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയത്.

ആരോഗ്യമേഖലയിലെ സൗകര്യങ്ങളെക്കുറിച്ച് അറിയാനോ സേവനങ്ങൾ ലഭിക്കാനോ വേണ്ടി ജനങ്ങൾ അതാതു ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം സപ്പോർട്ട് യൂണിറ്റുകളിലെ (ഡി.പി.എം.എസ്.യു) കോൾ സെൻ്റർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം. ചികിത്സ ആവശ്യമായി വരുന്നവർ നേരിട്ട് ആശുപത്രികളിൽ പോയി അഡ്മിറ്റ് ആകുന്നതിനു പകരം ആദ്യം ജില്ലാ കണ്ട്രോൾ റൂമിലോ, അല്ലെങ്കിൽ അടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ അറിയിച്ചതിനു ശേഷം ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുക. ആശുപത്രികളുടേയും, ഓക്സിജൻ, ഐസിയു, വെൻ്റിലേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളുടേയും മെച്ചപ്പെട്ട മാനേജ്മെൻ്റിനു അതു സഹായകമാകും. രോഗികൾക്ക് അത്തരം സൗകര്യങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യങ്ങൾ അപൂർവമായി പോലും ഉണ്ടാകാതെ നോക്കാൻ ഈ രീതി സഹായകമാകും. 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം24 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ