കേരളം
കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധമിരമ്പി

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധസമരത്തില്‍ മന്ത്രിസഭ ഒന്നാകെ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും കേരള ഹൗസില്‍ നിന്നും പ്രകടനമായിട്ടാണ് സമരവേദിയായ ജന്തര്‍ മന്തറിലെത്തിയത്. ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായിട്ടാണ് സമരം.
ജന്ദർമന്ദറിൽ നടക്കുന്ന കേരളത്തിന്റെ സമരം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തന്നെ ചരിത്രത്തിലെ ചുവന്ന അക്ഷരങ്ങളായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തിലെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രതിഷേധം ഇന്ത്യൻ ചരിത്രത്തിലെ തന്നെ നിർണായകമായ ഒന്നായി മാറുമെന്നതിൽ സംശയമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
‘സമരത്തിന് പിന്തുണയേകാൻ ഒട്ടേറ ദേശീയ നേതാക്കൾ എത്തിയിട്ടുണ്ട്. ഇനിയും ഒട്ടേറെ പേർ എത്തിച്ചേരാനുണ്ട്. ഈ സമരം ഇന്ത്യൻ ചരിത്രത്തിലെ തന്നെ നിർണായകമായ ഒന്നായി മാറുമെന്നതിൽ സംശയമില്ല. ജനാധിപത്യം എന്നത് എല്ലാം സംസ്ഥാനങ്ങളെയും ഒന്നിച്ച് നിർത്തുക എന്നതാണ്. കേന്ദ്ര സർക്കാരുമായുളള ബന്ധം ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും കൂടിയാണ് ഈ സമരം.
അതിനാൽ തന്നെ ഈ ദിവസം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ചുവന്ന അക്ഷരങ്ങളായി മാറും. കേന്ദ്ര സർക്കാരിന് പ്രതിപക്ഷ സംസ്ഥാനങ്ങളോട് അവഗണനയുണ്ട്. ഫെഡറൽ സംവിധാനം സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല സംസ്ഥാനങ്ങളുടെയും വിവിധ മേഖലകളുടെയും സുഗമമായ നടത്തിപ്പിന് കേന്ദ്രസർക്കാർ തടസം നിൽക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും ആവശ്യമില്ലാതെ കേന്ദ്രം ഇടപെടുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച മാര്‍ച്ചില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി, മറ്റ് ഘടകകക്ഷി നേതാക്കള്‍, മന്ത്രിമാര്‍, എം.പിമാര്‍, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസ്, ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിഷേധത്തില്‍ ഡിഎംകെയുടെ പ്രതിനിധിയായി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ പങ്കെടുത്തു. കറുത്ത വസ്ത്രം ധരിച്ചാണ് തമിഴ്‌നാട് മന്ത്രി സമരത്തിനെത്തിയത്. സിപിഎം കേന്ദ്രനേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സമരത്തില്‍ അണിചേര്‍ന്നു.