കേരളം
മലപ്പുറത്തെ സാധാരണക്കാരന്റെ നിയമ പോരാട്ടം: എസ്ബിഐക്ക് വന്‍ തുക പിഴ
ക്രെഡിറ്റ് കാര്‍ഡ് സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്. കൂരിയാട് സ്വദേശി മധു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ കാര്‍ഡ്സ് ആന്റ് പേയ്മെന്റ് സര്‍വ്വീസസിനും എതിരെ നല്കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
പരാതി ഇങ്ങനെ: ബാങ്കിലെ അക്കൗണ്ട് ഉടമയായ പരാതിക്കാരനെ വിളിച്ചുവരുത്തി നിര്‍ബന്ധമായാണ് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടത്. ക്രെഡിറ്റ് കാര്‍ഡ് സൗജന്യമാണെന്നും 50,000 രൂപ വരെയുള്ള ഇടപാടുകള്‍ പണം ഇല്ലാതെ കാര്‍ഡ് ഉപയോഗിച്ച് നടത്താമെന്നും ഉറപ്പു നല്‍കിയാണ് കാര്‍ഡ് എടുപ്പിച്ചത്. തുടര്‍ന്ന് മൂന്നുമാസം വരെ പരാതിക്കാരന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ ഒന്നും നടത്തിയില്ല. എന്നാല്‍ മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് മുഖേന പണം നഷ്ടപ്പെടാന്‍ തുടങ്ങി.
അതേ തുടര്‍ന്ന് പരാതിയുമായി ബാങ്ക് മാനേജരെ സമീപിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതാണ് ഇത്തരത്തില്‍ സംഭവിക്കാനിടയായതെന്നു പറയുകയും അതിനുള്ള പണമടക്കാന്‍ ഉപദേശിക്കുകയും ചെയ്തു. പണം അടവാക്കിയ ശേഷം കാര്‍ഡ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ചെയ്തു കൊടുത്തില്ല. തുടര്‍ന്നും പരാതിക്കാരന്റെ അറിവു കൂടാതെ അക്കൗണ്ടില്‍ നിന്നും പണം പോകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വീണ്ടും ബാങ്ക് മാനേജരെ സമീപിച്ചതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യുന്ന ഒരാളുടെ പേരും ഫോണ്‍ നമ്പരും ബാങ്ക് പാസ് ബുക്കില്‍ എഴുതി നല്കി. അദ്ദേഹത്തെ സമീപിച്ചതില്‍ 5,000 രൂപ ബാങ്കില്‍ അടവാക്കുന്നതിനാണ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നും കാര്‍ഡ് മുഖേന പണം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനിലും ബാങ്കിംഗ് ഓംബുഡ്സ്മാനിലും പരാതി നല്കി. ബന്ധപ്പെട്ട ബാങ്കില്‍ രേഖാമൂലം ആദ്യം പരാതി നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ബാങ്കിങ് ഓംബുഡ്സ്മാന് പരാതി മടക്കി. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.