Connect with us

Uncategorized

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വിശദാംശങ്ങള്‍

Published

on

WhatsApp Image 2021 04 26 at 5.37.59 PM

സംസ്ഥാനത്തെ പൊതു സ്ഥിതി ഇന്ന് അവലോകന യോഗം വിലയിരുത്തി. നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. ഇപ്പോൾ വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നത് പോലെ അടുത്ത ഒരാഴ്ച കർക്കശമായ നിയന്ത്രണങ്ങൾ ഉണ്ടാകും. നാലാം തീയതി തൊട്ട് അടുത്ത ഞായറാഴ്ച വരെ (അതായത് ചൊവ്വ മുതൽ ഞായർ വരെ) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം.
നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഇറക്കും
ഡി എം ആക്ട് ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ അത് ഉപയോഗിക്കാനും നിർദ്ദേശം നൽകി

ഓക്സിജൻ ട്രാൻസ്പോർട്ടഷനിൽ ഒരു പ്രശ്നമുണ്ടാവില്ല എന്ന് പോലീസ് ഉറപ്പു വരുത്തും. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇപ്പോൾത്തനെ ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രവർത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ ചുമതലപ്പെടുത്തി.
ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ഓക്സിജന്‍ എമര്‍ജന്‍സി വെഹിക്കിള്‍ എന്ന സ്റ്റിക്കര്‍ പതിക്കണം. വാഹനത്തിന്‍റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തിലാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. തിരക്കില്‍ വാഹനങ്ങള്‍ പരിശോധന ഒഴിവാക്കി വേഗം കടത്തിവിടാന്‍ ഇത് പോലീസിനെ സഹായിക്കും. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലും സമാന രീതിയില്‍ സ്റ്റിക്കര്‍ പതിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓക്സിജൻ ഉത്പാദകരുടേയും പെസോയുടേയും യോഗം നടക്കുകയുണ്ടായി. തുടർന്ന് ഓക്സിജൻ ലഭ്യത മോണിറ്റർ ചെയ്യാൻ ഹോം സെക്രട്ടറിയുടെ കീഴിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു.
പോലീസ്, ആരോഗ്യം, ഗതാഗതം,  വ്യവസായം, ഡിസാസ്റ്റർ മാനേജ്മെൻ്റ്, എന്നീ വകുപ്പുകളിൽ നിന്നും പെസോയിൽ നിന്നും ഉള്ള നോമിനികൾ ഉൾപ്പെട്ട ‘ഡെഡിക്കേറ്റഡ് ഓക്സിജൻ വാർ റൂമുകൾ ‘ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരംഭിക്കും.  ഓക്സിജൻ മൊഡ്യൂൾ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ ചേർക്കുകയും ചെയ്യും. കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇത് സഹായകമാകും. 
ഒരോ ജില്ലയിലും ലഭ്യമായ ഓക്സിജൻ സ്റ്റോക്കിൻ്റെ കണക്കുകൾ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ശേഖരിക്കുകയാണ്

ടിവി സീരിയൽ ഷൂട്ടിങ് തൽക്കാലം നിർത്തി വെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്കുകള്‍ ധരിക്കണം. സാധിക്കുമെങ്കില്‍ കൈയ്യുറയും ഉപയോഗിക്കണം. വീട്ടുസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് കച്ചവടക്കാര്‍ മുന്തിയ പരിഗണന നല്‍കണം. ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്സ്ആപ്പിലോ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ബോയ്സിനെ നിയോഗിക്കുന്നത് നന്നായിരിക്കും. മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകരമാകും. ഇതിനായി മാര്‍ക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കൂടുതല്‍ ആരോഗ്യസുരക്ഷാസംവിധാനങ്ങള്‍ ലഭ്യമാക്കും. ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുളള്ള സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തും. അതിഥി തൊഴിലാളികള്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ വ്യാക്സിന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ട്. വിവിധ ജില്ലകളിലെ ഇഷ്ടികക്കളങ്ങളില്‍ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികള്‍ക്കിടയിലും രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലും ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സാമൂഹിക അകലം പാലിച്ച് നടത്താന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുകയായിരിക്കും ഉചിതം. ഇക്കാരണംകൊണ്ടുതന്നെ സീരിയല്‍, സിനിമ, ഡോക്കുമെന്‍ററി എന്നിവയുടെ ഔട്ട് ഡോര്‍, ഇന്‍ഡോര്‍ ചിത്രീകരണങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അവയുടെ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.

ചില സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ തങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വയസ്സ് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാക്സിന്‍ നല്‍കാന്‍ രജിസ്ട്രേഷന്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമപരമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബാങ്കുകളുടെ പ്രവൃത്തിസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയായി നിജപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ചില ബാങ്കുകളുടെ ഏതാനും ശാഖകള്‍ ഈ സമയത്തിനു ശേഷവും പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കുന്നു. രണ്ട് മണിക്ക് ശേഷം ടാർഗറ്റ് നിശ്ചയിച്ച് ജീവനക്കാരെ പുറത്തേക്ക് ക്യാൻവാസിംഗിന് അയക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല. ബാങ്കുകള്‍ രണ്ടുമണിക്ക് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതാണ്.

കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഫീല്‍ഡ് തലത്തില്‍ ജോലിചെയ്യുന്ന ഈ സമിതിയിലെ അംഗങ്ങള്‍ എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്.

കോവിഡ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും കുറഞ്ഞത് 100 പേരെ വീതം ജനമൈത്രി സന്നദ്ധപ്രവര്‍ത്തകരായി നിയോഗിക്കും. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജനമൈത്രി സന്നദ്ധപ്രവര്‍ത്തകരെ ബീറ്റ്, പട്രോള്‍, ക്വാറന്‍റൈന്‍ പരിശോധന മുതലായവയ്ക്ക് ഉപയോഗിക്കും. പത്ത് ദിവസത്തിലേറെ ജോലിചെയ്യുന്ന വോളന്‍റിയര്‍മാരുടെ സേവനം വിലയിരുത്തി പ്രശംസാപത്രവും മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ക്യാഷ് റിവാര്‍ഡും നല്‍കും. ജനമൈത്രി വോളന്‍റിയര്‍മാരെ പെട്ടന്ന് തിരിച്ചറിയുന്നതിനായി ആം ബാഡ്ജ് നല്‍കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാസ്ക് ധരിക്കാത്ത 22,403 പേര്‍ക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസറ്റര്‍ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 8,846 കേസുകളും രജിസ്റ്റര്‍ ചെയ്തു. 63,05,100 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയത്.
റോഡുകളിൽ വാഹനം കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ 30 ശതമാനം വാഹനങ്ങളാണ് കുറഞ്ഞത്.
സ്വകാര്യ ആശുപത്രിയിൽ കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരും എത്തുന്നുണ്ട്. ഇത് ഗുരുതര രോഗികൾക്ക് ബെഡ് ലഭിക്കാതിരിക്കാനിടയാക്കുന്നു. ഇവരിൽ പലർക്കും ടെലി മെഡിസിൻ മതിയാവും. ഇക്കാര്യത്തിൽ ഇടപെടാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകും.

പ്രാദേശിക തലത്തിലുള്ള സവിശേഷമായ ഇടപെടലാണ് ഇന്നത്തെ പ്രതിസന്ധി മറികടക്കാന്‍ ആവശ്യം. അത് മുന്നില്‍ കണ്ട് ജില്ലാ തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത നടപ്പാക്കുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രികളിലെ ഓക്സിജന്‍ വിതരണവും ഏകോപനവും പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ഓക്സിന്‍ സപ്ലൈയും ആവശ്യകതയും ഈ കമ്മിറ്റി നിരന്തരം നിരീക്ഷിക്കും. ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം ഗുരുതര സാഹചര്യങ്ങളുണ്ടാകാതിരിക്കാനായി ജില്ലയിലെ എല്ലാ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളേയും തൊട്ടടുത്ത കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ച് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കും.
അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി നെടുമങ്ങാട് സബ് കളക്ടര്‍ നോഡല്‍ ഓഫിസറായി ലേബര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ കോവിഡ് മാനദണ്ഡം ലംഘിക്കുന്നതില്‍ വീഴ്ചവരുത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം താത്കാലികമായി പുനക്രമീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ 40 വയസിനും 60 വയസിനും ഇടയിലുള്ള ആളുകളില്‍ കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കോട്ടയം ജില്ലയില്‍ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്സിജന്‍ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിനും പ്രാദേശികമായി ഓക്സിജന്‍ പാര്‍ലറുകള്‍ ആരംഭിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ പാര്‍ലര്‍ മണര്‍കാട് സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കോവിഡ് ബാധിതരില്‍ ഭൂരിഭാഗം പേരും വീടുകളില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് പ്രാദേശിക തലത്തില്‍ പാര്‍ലറുകള്‍ ഒരുക്കുന്നത്. ഓക്സിജന്‍ നിലയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ താമസമുണ്ടായേക്കുമെന്ന ആശങ്ക അകറ്റാനും ഇത് ഉപകരിക്കും.സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്സിജന്‍ സിലിന്‍ഡറുകള്‍ ശേഖരിക്കുന്ന നടപടികള്‍ ജില്ലയില്‍ സജീവമായി നടന്നുവരുന്നു. ഇന്ന് ഉച്ചവരെ 146 സിലിന്‍ഡറുകള്‍ ശേഖരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെവിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കും.
തൃശൂരില്‍ താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്സിജന്‍ സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഓക്സിജന്‍ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം എത്രയെന്ന് പഠിക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനുമായി ജില്ലാ വികസന സമിതി ഓഫീസറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. അടിയന്തര ഘട്ടത്തില്‍ ജില്ലയിലെ ആയുര്‍വേദ ആശുപത്രികള്‍ കോവിഡ് കെയര്‍ സെന്‍റര്‍ ആക്കുന്നതിനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും വീടുകളില്‍ താമസിക്കാന്‍ സൗകര്യം ഇല്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവരുമായ കൊവിഡ് രോഗികള്‍ക്കുള്ള 10 ഡൊമിസിലറി കെയര്‍ സെന്‍ററുകളിലായി 780 ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത് അതില്‍ 34 പേര്‍ ചികില്‍സയിലുണ്ട്.
മലപ്പുറം ജില്ലയില്‍ കോവിഡ് ആശുപത്രികളില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി മരുന്നുകളുടെ ലഭ്യതയും ഓക്സിജന് ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
കോഴിക്കോടു ജില്ലയില്‍ 75000 രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറുപ്പുവരുത്താന്‍ വാര്‍ഡുകളില്‍ 20 പേര്‍ അടങ്ങിയ സന്നദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. പൊലീസിന്‍റെ സ്ക്വാഡുകള്‍ വാഹന പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.
വയനാട് ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. അതനുസരിച്ച് ഒരു വാര്‍ഡില്‍ 10 അല്ലെങ്കില്‍ അതിലധികം വീടുകളില്‍ കോവിഡ് ബാധയുണ്ടായാല്‍ പ്രസ്തുത വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കും.
ഒരു തദ്ദേശ സ്ഥാപനത്തിലെ പകുതിയില്‍ അധികം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റായാല്‍ ആ തദ്ദേശ സ്ഥാപനം പൂര്‍ണമായി കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിക്കും.

കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളിലെയും ഓക്സിജന്‍ സപ്പോര്‍ട്ട് ആവശ്യമായ രോഗികള്‍ക്ക് അത് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഓക്സിജന്‍ മാനേജ്മെന്‍റിന് പ്രത്യേക പദ്ധതി തയ്യാറാക്കും.
ഹോം ഐസൊലേഷന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കൊവിഡ് ബാധിതര്‍ അതത് മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ട ശേഷം അവരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ ആശുപത്രികളിലേക്ക് ചികില്‍സ തേടിപ്പോകാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികളിലെ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും അനാവശ്യമായ തിരക്ക് ഒഴിവാക്കാനുമാണിത്. വിവിധ ആശുപത്രികളിലെ കൊവിഡ് രോഗികളുടെ പ്രവേശനം ഏകോപിപ്പിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കും. ഇതോടൊപ്പം കണ്‍ട്രോള്‍ള്‍ റൂം സംവിധാനവും ഉണ്ടാകും.
കാസര്‍കോഡ് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. . 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും.
കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന 17 പോയിന്‍റുകളിലൂടെ കടന്നു വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കും.
ഇതൊക്കെ ജില്ലാ തലത്തില്‍ സവിശേഷമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി എടുക്കുന്ന നടപടികളാണ്. പൊതുവായ നടപടികള്‍ക്ക് പുറമെയുള്ള ഇത്തരം ഇടപെടലുകളിലൂടെയുമാണ് സമഗ്രമായ കോവിഡ് പ്രതിരോധം സാധ്യമാകാവുക.

രോഗലക്ഷണങ്ങളില്ലാത്തവരെ 10 ദിവസങ്ങള്‍ക്കു മുന്‍പ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന തീരുമാനം കൈക്കൊണ്ടതിന്‍റെ ഭാഗമായി ചില ജില്ലകളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവു വന്നതായി കാണാന്‍ സാധിക്കും. അതു രോഗവ്യാപനത്തില്‍ വന്ന കുറവായി തെറ്റിദ്ധരിക്കേണ്ടതില്ല. രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്ന ഈ ഘട്ടത്തില്‍, ആശുപത്രിയിലെ സൗകര്യങ്ങള്‍ ഗുരുതരമായ രോഗാവസ്ഥ നേരിടുന്നവര്‍ക്ക് ലഭ്യമാകുമെന്നു ഉറപ്പുവരുത്താനുള്ള മുന്‍കരുതലാണത്. രോഗവ്യാപനം ശക്തമായിക്കൊണ്ടിരിക്കുക തന്നെയാണ്.
ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തിലുണ്ടായ വര്‍ദ്ധനവ് രോഗവ്യാപനത്തെ തീവ്രമാക്കുന്നു എന്ന് നമ്മള്‍ മനസ്സിലാക്കണം.ആയിരം രോഗികള്‍ ഉള്ളപ്പോള്‍ ഉണ്ടാകുന്ന മരണങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ പതിനായിരം രോഗികളുള്ളപ്പോള്‍ സംഭവിക്കും.
ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മുന്‍കരുതല്‍ ഡബിള്‍ മാസ്കിങ്ങ് ആണ്. ഒരു മാസ്കിനു മുകളില്‍ മറ്റൊരു മാസ്ക് കൂടെ ധരിക്കുന്നത് അണുബാധയേല്‍ക്കുന്നത് വലിയ തോതില്‍ തടയാന്‍ സഹായകരമാണ്. ഓഫീസുകള്‍ക്കുള്ളില്‍ ജോലി ചെയ്യുമ്പോള്‍ തീര്‍ച്ചയായും മാസ്കുകള്‍ ധരിക്കുക. പറ്റുമെങ്കില്‍ വീടുകളിലും മാസ്കുകള്‍ ധരിക്കുക, പ്രത്യേകിച്ച്, പ്രായാധിക്യമുള്ളവരോട് ഇടപഴകുമ്പോള്‍. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതും, അടഞ്ഞ സ്ഥലങ്ങളില്‍ ഇടപഴകുന്നതും, സാമൂഹിക അകലം പാലിക്കാതിരിക്കുന്നതുമെല്ലാം രോഗവ്യാപനത്തെ ശക്തമാക്കുമെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.

ഒന്നാമത്തെ തരംഗത്തില്‍ നിന്നു വ്യത്യസ്തമായി രണ്ടാമത്തെ തരംഗത്തില്‍ കാണുന്ന ഒരു പ്രത്യേകത അടുത്ത സമ്പര്‍ക്കത്തിലൂടെ അല്ലാതേയും രോഗം പകരുന്നു എന്നതാണ്. അതിന്‍റെ അര്‍ഥം രോഗാണു വായുവില്‍ ഒരുപാട് നേരം തങ്ങി നില്‍ക്കുന്നു എന്നോ ഒരുപാടു ദൂരം വായുവിലൂടെ സഞ്ചരിക്കുന്നോ എന്നല്ല. മറിച്ച്, മുന്‍പ് കരുതിയിരുന്നത് വളരെ അടുത്ത ഇടപപെടലിലൂടെ മാത്രമേ പകരുകയുള്ളൂ എന്നായിരുന്നു. പുതിയ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ മാസ്ക് ധരിക്കാതെ അശ്രദ്ധമായി ഒരു മുറിക്കുള്ളില്‍ ഇരുന്നാല്‍ തന്നെ ഒരാളില്‍ നിന്നു മറ്റൊരാളിലേയ്ക്ക് പകരാന്‍ പ്രാപ്തമാണ്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് മനുഷ്യകോശത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിവു കൂടുതലാണ്.
വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ടെസ്റ്റിംഗ് കേന്ദ്രങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. രോഗം ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള ആളുകള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടുതലായി വരുന്നുണ്ട് എന്നുള്ളത് കണക്കിലെടുക്കണം. വാക്സിന്‍ വഴി ലഭിക്കുന്ന സംരക്ഷണം വാക്സിന്‍ എടുത്ത് കുറേ ദിവസങ്ങള്‍ കഴിഞ്ഞാകും ലഭിക്കുക. അതുകൊണ്ട്, വാക്സിന്‍ കേന്ദ്രങ്ങളില്‍ തിരക്കു കൂട്ടി രോഗം പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഇനി അധികസമയമില്ല. ആ ദിവസം വളരെ ഉത്തരവാദിത്വബോധത്തോടെ പെരുമാറാന്‍ ഏവരും തയ്യാറാകണം. ഫലപ്രഖ്യാപന ദിവസം എവിടെയെങ്കിലും കൂട്ടം കൂടിയിരിക്കാതെ ഓരോരുത്തരു അവരവരുടെ വീടുകളില്‍ ഇരുന്ന് ഫലപ്രഖ്യാപനം അറിയണം. ആഹ്ളാദ പ്രകടനങ്ങളുമായി പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കരുത്. രോഗവ്യാപനം ശക്തമാക്കുന്നതിനുള്ള കാരണമായി ആ ദിവസത്തെ മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം
ആദ്യഘട്ടത്തില്‍ 60 വയസ്സിനു മുകളിലുള്ള ബഹുഭൂരിപക്ഷം ആളുകളെ വാക്സിനേറ്റ് ചെയ്യാന്‍ സാധിച്ചത് മരണ നിരക്കു കുറയ്ക്കാന്‍ സഹായിച്ചു എന്നാണിപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ആദ്യ കോവിഡ് തരംഗം പരിശോധിക്കുകയാണെങ്കില്‍ 75 ശതമാനത്തിനു മുകളില്‍ മരണം ഉണ്ടായത് 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കിടയിലാണ്. 95 ശതമാനം മരണങ്ങളും 45 വയസ്സിനു മുകളിലുള്ളവര്‍ക്കിടയിലാണുണ്ടായത്. നിലവില്‍ രോഗവ്യാപനം അതിശക്തമായി കുതിച്ചുയര്‍ന്നിട്ടും മരണ നിരക്ക് അതിനാനുപാതികമായി ഉയരാതെ ഇരിക്കാനുള്ള കാരണം ആദ്യഘട്ട വാക്സിനേഷന്‍ വിജയകരമായി നടപ്പിലാക്കാന്‍ നമുക്കു സാധിച്ചതിനാല്‍ ആകുമെന്നു കരുതുന്നു. വാക്സിനേഷന്‍ കഴിയുന്നത്ര വേഗം പരമാവധി ആളുകളിലേയ്ക്ക് എത്തിക്കണമെന്ന ലക്ഷ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ വസ്തുത ചൂണ്ടിക്കാണിക്കുന്നു.

വലിയ ശതമാനം ആളുകള്‍ക്ക് വാക്സിന്‍ ലഭ്യമാകുന്നതു വരെ വാക്സിന്‍ എടുത്തവര്‍ പോലും പൂര്‍ണ സുരക്ഷിതരല്ല. ലോക്ഡൗണ്‍ വേണ്ട എന്നു കരുതുന്നത് ഈ സമൂഹത്തിന്‍റെ പൗരബോധത്തിലുള്ള വിശ്വാസം കൊണ്ടുകൂടിയാണ്. അതുകൊണ്ട് സര്‍ക്കാര്‍ പറയുന്നത് സെല്‍ഫ് ലോക്ഡൗണ്‍ എന്ന ആശയമാണ്. ഓരോരുത്തരും സ്വയം ലോക്ഡൗണിലേയ്ക്ക് പോകേണ്ട സന്ദര്‍ഭമാണിത്. മാസ്കുകള്‍ ധരിച്ചും അകലം പാലിച്ചും കൈകള്‍ ശുചിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്തു പോകില്ലെന്നും, ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുമെന്നും, ആഘോഷങ്ങള്‍ മാറ്റി വയ്ക്കുമെന്നും, യാത്രകള്‍ ഒഴിവാക്കുമെന്നും, അടഞ്ഞ സ്ഥലങ്ങളില്‍ ഇടപഴകില്ലെന്നും, ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യുമെന്നും, രോഗിയുമായി കോണ്ടാക്റ്റ് ഉണ്ടായാല്‍ തന്നെ ഐസൊലേഷന്‍ കൃത്യമായി പാലിക്കുമെന്നും നമ്മള്‍ തീരുമാനിച്ചേ തീരൂൂ. . ജീവനോപാധികള്‍ തകരാതെ നോക്കുകയും നമ്മുടെയും ചുറ്റുമുള്ളവരുടേയും ജീവനുകള്‍ സംരക്ഷിക്കുകയും വേണം. ആ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വിട്ടു വീഴ്ച പാടില്ല. നമ്മള്‍ സ്വയം ലോക്ഡൗണിലാണ് എന്ന് തീരുമാനിച്ചുകൊണ്ട് പോകേണ്ട നാളുകളാണ് മുന്‍പിലുള്ളത്.

രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ സാഹചര്യവും മറ്റു സംസ്ഥാനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും നമ്മുടെ സമൂഹത്തിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അത് നമ്മുടെ സമൂഹത്തിന്‍റെ മാനസികാരോഗ്യത്തെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. കഴിഞ്ഞ കോവിഡ് തരംഗത്തിന്‍റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ആ ഘട്ടത്തില്‍ മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന ക്യാമ്പെയ്ന് അനുസ്യൂതം തുടര്‍ന്നു വരികയായിരുന്നു. രോഗികളെ നേരിട്ട് ബന്ധപ്പെട്ട് അവരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ വേണ്ട സഹായങ്ങള്‍ ഈ പദ്ധതി വഴി നല്‍കി വരികയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ആ സേവനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. അതിന്‍റെ ഭാഗമായി ഇന്നലെ മാത്രം 34700 രോഗികളെയാണ് വിളിച്ചത്. അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് അതിനാവശ്യമായ പരിഹാരങ്ങള്‍ നല്‍കാന്‍ ആണ് ഈ പദ്ധതി വഴി ശ്രമിക്കുന്നത്. ഭീതി കൂടാതെ, ഫലപ്രദമായി നമുക്ക് ഈ മഹാമാരിയെ മറികടക്കാന്‍ സാധിക്കണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ ശ്രമത്തോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കും. ഇതിനായി കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്സിനേഷന്‍ സെന്‍ററുകളിലും രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്സിനേഷന്‍ സെന്‍ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതായിരിക്കും. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.

വാക്സിന്‍ എടുക്കുന്നതിന് മുമ്പ് യുവജനങ്ങള്‍ രക്തദാനത്തിന് സന്നദ്ധരാവണമെന്നും അതിനായി യുവജനസന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണമെന്നും കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥന മുന്‍നിര്‍ത്തി മാര്‍തോമാ യുവജന സഖ്യം തങ്ങളുടെ അംഗങ്ങളോട് രക്തദാനം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കൂടാതെ ഡി വൈ എഫ് ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്ലാസ്മ ഡൊണേഷന്‍ ഫോറം വിപുലീകരിച്ച് കൂടുതല്‍ പേരിലേക്ക് സേവനമെത്തിക്കുകയാണ്, അനുകരണീയമായ മാതൃകകളാണിവ. മറ്റ് യുവജനസന്നദ്ധ സംഘടനകള്‍ കൂടി ഈ ഘട്ടത്തില്‍ രക്തദാനം നടത്താനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും മുന്നോട്ടു വരണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്.

ദുരിതാശ്വാസ നിധി

കെ എസ് എഫ് ഇ 5 കേടി രൂപ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 1 കോടി

കണ്‍സ്യൂമര്‍ഫെഡ് 25 ലക്ഷം രൂപ

ജോയിന്‍റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍, ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 17, 60,000 രൂപ

മയ്യനാട് റീജിണല്‍ കോഓപ്പറേറ്റീവ് ബാങ്ക് 15 ലക്ഷം രൂപ

വി കെ സി റബ്ബര്‍ ഇന്‍ഡസ്ട്രീസ്, കോഴിക്കോട് 12 ലക്ഷം

വടകര റൂറല്‍ ബാങ്ക് 10 ലക്ഷം രൂപ

ആനാട് സര്‍വ്വീസ് സഹകരണ ബാങ്ക് 10,90,600 രൂപ

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 5 ലക്ഷം രൂപ

ഐ എസ് ആര്‍ ഒ പെന്‍ഷനേഴ്സ് അസോസിയേഷന്‍ 5 ലക്ഷം രൂപ

കൊച്ചി സര്‍വ്വകലാശാലയിലെ, മാസ്റ്റര്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ബിസിനസ് വിദ്യാര്‍ത്ഥികളുടെ അലുമിനി ഫോറം 4 ലക്ഷം രൂപ

സംവിധായകന്‍ രഞ്ജിത്ത് 2,50,000 രൂപ

ഹൈകോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. പി വിജയഭാനു 2,50,000 രൂപ

ഹെഡ്ലോഡ് ആന്‍റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ 2 ലക്ഷം രൂപ
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഒരുമാസത്തെ ശമ്പളം
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശബളം

മുന്‍ എം എല്‍ എ ആനത്തലവട്ടം ആനന്ദന്‍ 20,000 രൂപ

എ ഐ വൈ എഫ് കൊല്ലം ജില്ലാ കമ്മിറ്റി 1,81,025 രൂപ

എസ് എന്‍ ഡി പി യൂണിയന്‍ എറണാകുളം പ്രസിഡന്‍റ് മഹാരാജാ ശിവാനന്ദന്‍ 1,00001 രൂപ

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജും കുടുംബവും 1 ലക്ഷം രൂപ

നാട്ടിക ശ്രീനാരായണ കോളേജിലെ 1980 90കളിലെ വിദ്യാര്‍ത്ഥികളുടെ സാമൂഹിക കൂട്ടായ്മയായ ഒളി മിന്നും ഓര്‍മ്മക്കാലം 1,50,900 രൂപ.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു, അംഗങ്ങളായ കെ എസ് രവി, പി എം തങ്കപ്പന്‍ എന്നിവര്‍ ഒരു മാസത്തെ ഓണറേറിയം 85,000 രൂപ

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് 25,000 രൂപ

രാധാകൃഷ്ണന്‍ ,ശ്രീകാര്യം 50,000 രൂപ

റിട്ടയേര്‍ഡ് കെ എസ് ഇ ബി ജീവനക്കാരന്‍ എസ് എച്ച് ഷാനവാസ് 42005 രൂപ

തിരുവനന്തപും എസ് എം വി ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കഡറി സ്കൂളിലെ പൂര്‍വ്വ അധ്യാപകരുടെ കൂട്ടായ്മ ഗുരു 50,000 രൂപ

സിര്‍ഷാദ് റാവുത്തര്‍, നെടുമങ്ങാട് 25,000 രൂപ

ചെറുവത്തൂര്‍ മയ്യിച്ചയിലെ ചുമട്ടുതൊഴിലാളി പങ്കജാക്ഷന്‍ 10,050 രൂപ

കേരള മുന്‍സിപ്പല്‍ ആന്‍റ് കോര്‍പ്പറേഷന്‍ പെന്‍ഷനേഴ്സ് ഫെഡറേഷന്‍ 20,000 രൂപ

തളിപ്പറമ്പ്, ബക്കളം സ്വദേശിയായ വിദ്യാര്‍ത്ഥി ആശിഷ് ദീപ് സമ്പാദ്യക്കുടുക്കയിലെ 10,000 രൂപ.

തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് പി വി സഹോദരി അനുപമ പി വി 3001 രൂപ

സെക്രട്ടറിയേറ്റ് അനക്സ് ടുവിലെ താത്ക്കാലിക ജീവനക്കാര്‍ സമാഹരിച്ച തുക 15,500 രൂപ

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റി യൂണിറ്റ് 10,000 രൂപ

ഇരട്ടയാര്‍ സെന്‍റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ക്രിസ്ജോ ചങ്ങങ്കേരി 900 രൂപ

വിദ്യാര്‍ത്ഥികളായ ആദിത്യ പി ആര്‍, ആദര്‍ശ് പി ആര്‍, കഴക്കൂട്ടം 5000 രൂപ

സി.പി.ഐ (എം) മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന പി പി ഗോപാലന്‍റെ ഭാര്യ ലീല 1000 തേങ്ങ, ചെറുമകള്‍ സമ്പാദ്യ കുടുക്ക എന്നിവ കൈമാറി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം24 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ