Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വിശദാംശങ്ങൾ

Published

on

WhatsApp Image 2021 04 26 at 5.37.59 PM

സംസ്ഥാനം വളരെ ഗൗരവമുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 41953 പേർക്ക് പുതുതായി ബാധിച്ചു. 163321 ടെസ്റ്റ് നടത്തിയപ്പോഴാണിത്. ഇന്ന് മരണമടഞ്ഞവർ: 58. ആകെ 375658 പേരാണ് ചികിത്സയിലുള്ളത്. എല്ലാ കണക്കുകളും വർധിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നില്ല. സംസ്ഥാനത്ത് നിലവിൽ കർക്കശമായ നിയന്ത്രണങ്ങൾ ഉണ്ട്. അത് കൂടുതൽ കടുപ്പിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് ചേർന്ന അവലോകന യോഗം നിലവിലുള്ള സ്ഥിതി വിലയിരുത്തി. വാർഡ് തല സമിതികളിലും റാപിഡ് റെസ്പോൺസ് ടീമിലും പ്രദേശത്തെ മെഡിക്കൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തുവാൻ നിർദശം നൽകും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ട റിട്ടേണിംഗ് ഓഫീസർമാരെ ഇതിൽ ഉൾപ്പെടുത്തുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായ മറ്റുള്ളവരെയും ഉൾപ്പെടുത്തും.

രണ്ടാമത്തെ ഡോസ് വാക്സിൻ 3 മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോർട്ട് വന്നിട്ടുണ്ട്.
ഓക്സിജൻ ലഭ്യതയുടെ കാര്യത്തിൽ നിലവിൽ പ്രശ്നമില്ല. പ്രൈവറ്റ് ഹോസ്പിറ്റലിൽ ആവശ്യത്തിനു ഒക്സിജൻ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഒക്സിജൻ എത്രയെന്നു ജില്ലാതല സമിതികൾക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണം. അതുവെച്ച് ആവശ്യമായ ഒക്സിജൻ ലഭ്യത ഉറപ്പു വരുത്തണം. വീഴ്ചയില്ലാതെ കുറ്റമറ്റമായ രീതിയിൽ നിരീക്ഷിക്കണം.

ആലപ്പുഴയിൽ രോഗികൾ കൂടുന്നത് പ്രത്യേകം പരിശോധിക്കണം.
മെഡിക്കൽ കൗൺസിൽ അടക്കമുള്ള കൗൺസിലുകളിൽ രജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കുന്നവർക്ക് താൽക്കാലിക രജിസ്ട്രേഷൻ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ സി എഫ് എൽ ടി സി കൾ ആക്കി മാറ്റുന്ന പ്രവർത്തനം ത്വരിതപ്പെടുത്തും. കെ എസ് ഇ ബി , വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിർത്തി വെക്കും. ബാങ്ക് റിക്കവറികൾ നീട്ടി വെക്കാൻ ബാങ്കുകളോട് അഭ്യർത്ഥിക്കും.

കെ എം എസ് സി എൽ , കൺസ്യൂമർഫെഡ്, സപ്ളൈകോ തുടങ്ങിയ സ്റ്റേറ്റ് ഗവണ്മെൻ്റ് ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒ കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും ഈ ഘട്ടത്തിൽ അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.

ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്.

ഐസിയു /വെൻ്റിലേറ്റർ/ ഓക്സിജൻ ബെഡുകൾ

സർക്കാർ ഹോസ്പിറ്റലുകളിൽ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതിൽ 996 ബെഡുകൾ കോവിഡ് രോഗികളുടേയും 756 ബെഡുകൾ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകൾ ആണ് ഇപ്പോൾ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു ബെഡുകളിൽ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ നിലവിൽ ഉള്ള ആകെ വെൻ്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 441 വെൻ്റിലേറ്ററുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻ്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെൻ്റിലേറ്ററുകളിൽ 377 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

സിഎഫ്എൽടിസികളിലെ ബെഡുകളിൽ 0.96 ശതമാനവും സിഎൽടിസികളിലെ ബെഡുകളിൽ 20.6 ശതമാനവും ബെഡുകൾ ഓക്സിജൻ ബെഡുകളാണ്. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അതിൽ 1429 ബെഡുകളിലും രോഗികൾ ചികിത്സയിലാണ്. 546 പേർ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും ഇപ്പോൾ ഉപയോഗത്തിൽ ആണ്.

ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിനു കീഴിലുള്ള ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അതിൽ 2028 ബെഡുകൾ ആണ് കോവിഡ് ചികിത്സയ്ക്ക് നീക്കി വച്ചിരിക്കുന്നത്. അവയിൽ 1373 ഓക്സിജൻ ബെഡുകളിൽ ഇപ്പോൾ രോഗികൾ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താൽ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്സിജൻ ബെഡുകളിലും രോഗികൾ ചികിത്സിക്കപ്പെടുന്നു.
സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.12 ശതമാനം ഓക്സിജൻ ബെഡുകൾ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു.

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്

ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും പ്രധാനമന്ത്രിയോടഭ്യർത്ഥിച്ചിട്ടുണ്ട്.

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്സിജൻ ടാങ്കറുകൾ, പിഎസ് എ പ്ലാൻറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം.
സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കോ വാക്സിനും അനുവദിക്കണം. സംസ്ഥാനങ്ങൾക്ക് വാക്സിൻ നീക്കി വെക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം.
കേന്ദ്ര സർക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്ന ഉറപ്പും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളുള്ള ഒരു ആശുപത്രിയെക്കൂടി കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഏറ്റെടുത്തു. പുതിയ നാലു ഡൊമിസിലിയറി കെയർ സെന്ററുകളും തുറന്നിട്ടുണ്ട്. ഇവിടങ്ങളിൽ 250 കിടക്കകൾ സജ്ജമാക്കാൻ കഴിയും. തഹസിൽദാർമാർക്കു പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളിൽ ഒരുക്കിയിട്ടുള്ള കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ(സി.എസ്.എൽ.ടി.സി.) ചികിത്സയ്ക്കായി പി.എച്ച്.സികളിൽനിന്നും സി.എച്ച്.സികളിൽനിന്നും റഫർ ചെയ്യുന്ന രോഗികൾക്കു സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലും തടസരഹിതമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. തീപിടുത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് എല്ലാ സർക്കാർ/സ്വകാര്യ ആശുപത്രികളിലും ഫയർ ഓഡിറ്റ് കാര്യക്ഷമമായി നടത്തും.
വ്യാപാരികളുമായി സഹകരിച്ച് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡോർ ടു ഡോർ ആപ്ലിക്കേഷൻ പ്രയോജനപെടുത്തും.
പത്തനംതിട്ട ജില്ലയിലെ നിയുക്ത എംഎൽഎമാർ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുമായി യോഗം ചേർന്ന് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. കോവിഡ് പ്രതിരോധത്തിനായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജില്ലയിൽ ആരംഭിക്കുന്ന 16 ആംബുലൻസ് സർവ്വീസുകൾക്ക് തുടക്കമായി.

എറണാകുളത്ത് എല്ലാ ആശുപത്രികളിലും ഓക്‌സിജൻ ഓഡിറ്റും ഫയർ ഓഡിറ്റും പൂർത്തിയായിട്ടുണ്ട്. ഓക്‌സിജൻ ലഭ്യത സംബന്ധിച്ച് എല്ലാ ആശുപത്രികളും ഓൺലൈൻ റിപ്പോർട്ടിംഗ് നടത്തുന്നുണ്ട്. പ്ലാന്റിൽ നിന്ന് സെറ്റിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനള്ള ഇന്റേണൽ ഓക്‌സിജൻ പൈപ്പ് ലൈൻ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ബിപിസിഎല്ലിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
മെഡിക്കൽ കോളേജിൽ 250 ഉം ജനറൽ ആശുപത്രിയിൽ 180 ഉം അധിക ബെഡുകൾ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്വകാര്യ ആശുപത്രികൾ 25% ബെഡുകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വെച്ചിട്ടുണ്ട്. ഇത് 50% ആയി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വൃദ്ധസദനങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
വാർഡ്തല ദ്രുത കർമ്മ സേന പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത പഞ്ചായത്തുകളുടെ പട്ടിക തയാറാക്കാൻ നിർദ്ദേശം നൽകി.

രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിന് കൂടുതൽ സന്നദ്ധ പ്രവർത്തകരെയും കൂടുതൽ ആംബുലൻസും ഏർപ്പെടുത്തും.
ഓരോ പഞ്ചായത്തിലും ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുകയും മരുന്ന് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും ചെയ്യും. ആദിവാസി മേഖലയിൽ കോവിഡ് രോഗികൾക്കായി സിഎഫ്എൽടിസികൾ ആരംഭിക്കും. ആദിവാസികൾക്ക് ഊരുകളിൽ വെച്ച് തന്നെ വാക്സിൻ നൽകും.

എറണാകുളം ജില്ലയിൽ 27% ആണ് ടെസ്റ്റ്
പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വ്യാപനം രൂക്ഷമായ മുനമ്പം പഞ്ചായത്തിലെ ഹാർബർ അടച്ചിടും. മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ പൂർണ്ണമായി അടയ്ക്കും. 25 % ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എറണാകുളം ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ബുധനാഴ്ച മുതൽ അടച്ചിടും.
കൂടുതൽ പഞ്ചായത്തുകൾ അതിനിയന്ത്രിത മേഖലയുടെ പട്ടികയിൽ ഇടം പിടിക്കുന്ന അവസ്ഥയാണ് തൃശൂർ ജില്ലയിൽ. തൃശൂർ കോർപ്പറേഷന് കീഴിലുള്ള ജനറൽ ആശുപത്രിയിൽ 50 ഐസിയു കിടക്കകൾ സജ്ജമാക്കും. ഓക്‌സിജൻ പ്ലാന്ററും വിവിധ വാർഡുകളിലേക്ക് സെൻട്രൽലൈസ്ഡ് ഓക്‌സിജൻ ലൈൻ വലിക്കാനുള്ള സംവിധാനവും കോർപ്പറേഷൻ തന്നെ ഒരുക്കും.

പാലക്കാട് ജില്ലയിൽ ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ചെമ്പൈ ഗവ. സംഗീത കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്‌സിജൻ വാർ റൂം സജ്ജമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികളെ സഹായിക്കുന്നതിന് ജില്ലാ ലേബർ ഓഫീസിൽ ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു.

മലപ്പറം ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പ്ലാന്റ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ പ്ലാന്റ് സ്ഥാപിക്കുക ഡിഫൻസ് റിസേർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആയിരിക്കും.
വയനാട് ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനക്ഷമമായിട്ടുണ്ട്.
കോഴിക്കോട്ട് ആരോഗ്യ സ്ഥാപനങ്ങളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകി.
ആംബുലൻസ് ഉൾപ്പെടെ രണ്ടിൽ കുറയാത്ത വാഹനങ്ങളെങ്കിലും ഓക്‌സിജൻ സൗകര്യത്തോടെ ലഭ്യമാക്കണം.
മെഡിക്കൽ കോളജ് ആശുപത്രിയോട് ചേർന്ന പി.എം. എസ്.എസ്. വൈ ബ്ലോക്കിൽ 13000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങി. സ്വകാര്യ വ്യവസായ സ്ഥാപനത്തിൽ നിന്നുള്ള പ്ലാന്റ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രതിഫലമില്ലാതെ ഇവിടേക്ക് മാറ്റി സ്ഥാപിക്കുന്നത്.

കണ്ണൂർ ജില്ലയിൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റ് പൂർണതോതിൽ പ്രവർത്തന സജ്ജമായി. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗ വേളയിലാണ് ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. ആശുപത്രി വാർഡുകളിലെ എല്ലാ ബെഡുകളിലും ഓക്‌സിജൻ നേരിട്ട് എത്തിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ 1000 എൽപിഎം ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വയോജനങ്ങളുടെ പ്രശ്‌നങ്ങൾ പ്രത്യേകം പരിഗണിക്കുന്നതിന് സാമൂഹിക നീതി വകുപ്പ് കാസർകോട് ജില്ലയിൽ കോൾ സെൻറർ ആരംഭിക്കും.

പോലീസിന്റെ ടെലിമെഡിസിൻ ആപ്പ് ആയ ബ്ലൂ ടെലി മെഡിൻറെ സേവനം പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കാൻ നിർദ്ദേശം നൽകി. ആശുപത്രിയിൽ പോകാതെതന്നെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു മാത്രമല്ല മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കു വേണ്ട നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പിലെ ഡോക്ടർമാരുടെ പട്ടികയിൽ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും. ഡോക്ടർ വീഡിയോകോൾ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്ക്രിപ്ഷൻ നൽകും. തുടർചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുന്ന പക്ഷം ആപ്പിൽ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്. അടച്ചുപൂട്ടൽ സമയത്ത് ആശുപത്രിയിൽ പോകാതെതന്നെ ഡോക്ടർമാരിൽ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണം.

വളരെ അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പോലീസിന്റെ സഹായം തേടാം. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കൺട്രോൾ റൂമിൽ 112 എന്ന നമ്പറിൽ ഏതുസമയവും ബന്ധപ്പെടാം.
സാമൂഹ്യമാധ്യമങ്ങൾ വഴി കോവിഡ് അവബോധം വളർത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാൻ പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ, സോഷ്യൽ മീഡിയാ സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകി. പോലീസിൻറെ ഫെയ്സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ എന്നിവ ബോധവൽക്കരണത്തിനായി ഉപയോഗിക്കും.

കൂടുതൽ ആളുകൾ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നു എന്നാണ് താഴെക്കിടയിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ. ആളുകൾ കോവിഡ് ഉണ്ട്‌ എന്നത് കൊണ്ട് മാത്രം ആശുപത്രിയിൽ എത്തണമെന്നില്ല. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും മറ്റ് അസുഖങ്ങൾ ഇല്ലാത്തവരും വീട്ടിൽ തന്നെ കഴിഞ്ഞാൽ മതി. അവർക്കുള്ള മറ്റ് സംവിധാനങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്. വാർഡ്‌തല സമിതികളും സജീവമാണ്. അങ്ങനെ വീട്ടിൽ തന്നെ കാര്യമായ അസുഖങ്ങൾ ഇല്ലാത്തവർ കഴിഞ്ഞാൽ മാത്രമേ ഗുരുതരമായ രോഗം ഉള്ളവരെ ചികിൽസിക്കാൻ ആശുപത്രികൾക്ക് കഴിയൂ. സ്വകാര്യ ആശുപത്രികളും ഈ കാര്യത്തിൽ ജാഗ്രത കാണിച്ചേ മതിയാകൂ. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ. അല്ലാതെ വരുന്നവരെ മുഴുവൻ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാൽ നേരത്തെ സൂചിപ്പിച്ചത് പോലെ ഗുരുതര രോഗമുള്ളവർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും.

പെരുന്നാളിന് മുമ്പുള്ള വെള്ളിയാഴ്ചയാണ് വരാനുള്ളത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് കഴിഞ്ഞ റമദാൻ കാലം കടന്നു പോയത്. എല്ലാവരും മികച്ച ജാഗ്രത കാട്ടി. ഇത്തവണ സ്ഥിതി കൂടുതൽ ഗുരുതരമായതിനാൽ മുൻകാലങ്ങളിലേതു പോലെയോ അതിനേക്കാൾ കൂടുതലോ നിയന്ത്രണങ്ങൾ പാലിക്കണം. കഴിഞ്ഞ തവണ എല്ലാവരും നന്നായി സഹകരിച്ചു – അത് പോലെ ഇത്തവണയും ജാഗ്രതയോടെ നിലകൊള്ളണം എന്നഭ്യർത്ഥിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 18,868 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9,697 പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 54,36,200 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

ദുരിതാശ്വാസനിധി

കെ.എസ്.ഇ.ബിയിലെ തൊഴിലാളികളുടെയും ഓഫിസർമാരുടെയും ഒരു ദിവസത്തെ ശമ്പളവും പെൻഷൻകാർ ഒരു ദിവസത്തെ പെൻഷനും ചേർത്ത് 12 കോടി രൂപ സമാഹരിച്ചു നൽകി.

കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ

ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ

വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് 7,20,040 രൂപ

മുൻ മന്ത്രിയും എൻ സി പി നേതാവുമായ പി സി ചാക്കോ 5 ലക്ഷം രൂപ

പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് ആദ്യ ഗഡു 7 ലക്ഷം രൂപ

വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് 7,43,356 രൂപ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ

കിളിമാനൂർ കസ്തൂർബാ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിഹിതമുൾപ്പെടെ 5,48,118 രൂപ

കൊട്ടാരക്കര മുൻസിപ്പൽ സർവീസ് സഹകരണ ബാങ്ക് 5,27,000 രൂപ

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

ഇവോൾവ് പോളിമേഴ്സ്, അമല നഗർ തൃശ്ശൂർ 5 ലക്ഷം രൂപ

ഇ കെ എൻ എസ്, ജി എച്ച് എസ് എസ് വേങ്ങാടിയിലെ ഹയർ സെക്കണ്ടറി വിഭാഗം ജീവനക്കർ 2,48,060 രൂപ

ജനശക്തി അഴീക്കോട് ട്രസ്റ്റ് 1,25,000 രൂപ

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ശ്രീകണ്ഠാപുരം ഏരിയ കമ്മറ്റി 1,11,000 രൂപ

ഷമീർ ചെമ്പയിൽ, പൊന്നാനി 1 ലക്ഷം രൂപ

മന്ത്രി എ കെ ബാലന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ചേർന്ന് 50,500 രൂപ

കെ എസ് ആർ ടി സി നെയ്യാറ്റിൻകര ഡിപ്പോയിലെ 4 ബോൺണ്ട് ബസ്സുകളിലെ യാത്രക്കാരുടെയും, ജീവനക്കാരുടേയും കൂട്ടായ്മ നെയ്യാറ്റിൻകര എ ടി ഒ 55,000 രൂപ

കൊടുങ്ങലൂർ ഫിലിം സൊസൈറ്റി 25000 രൂപ

അമേരിക്കയിൽ നിന്നുള്ള ലോക കേരള സഭാ അംഗം ആനി ജോൺ 25000 രൂപ

പിണറായി വെസ്റ്റ് സകൂൾ ആറാം ക്ലാസ് വിദ്യാർത്ഥി യദുനന്ദ് 20,000 രൂപ

നവീൺ കുമാർ, കരിമ്പിൽ 10,001 രൂപ

നസീബ്‌ മുല്ലപ്പള്ളി, അബുദാബി 9600 രൂപ

അഞ്ചൽ പാറവിള അഭിരാമി ഭവനിൽ രാജേഷ്, ഷീജ, അഭിരാമി എന്നിവർ ചേർന്ന് 5000 രൂപ

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി നന്ദകിഷോർ നായ്ക് 2500 രൂപ

അനുശോചനം:

മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ വിയോഗത്തിൽ നാമാകെ തീവ്ര ദുഃഖമനുഭവിക്കുന്ന സമയമാണിത്. കേരളത്തിനാകെ അപരിഹാര്യമായ നഷ്ടമാണ് വലിയ മെത്രാപ്പോലിത്തയുടെ വേർപാടിലൂടെ ഉണ്ടായിട്ടുള്ളത്.
104 വർഷം ജീവിക്കാൻ കഴിയുക എന്നത് അത്യസാധാരണമായ കാര്യമാണ്. ഈ ദീർഘായുസ്സ് സമൂഹത്തിന്റെ നന്മയ്ക്കും സമുദ്ധാരണത്തിനും വേണ്ടി അദ്ദേഹം സമർപ്പിച്ചു. സദാ കർമ്മനിരതനായിരുന്നു. അങ്ങനെ ജാതി-മത ഭേദമില്ലാതെ മനുഷ്യഹൃദയങ്ങളിലാകെ അദ്ദേഹം മായ്ക്കാനാകാത്ത സ്ഥാനം നേടി.

ഒരു സങ്കുചിതത്വത്തിനും വിധേയരാകാതെ മനുഷ്യരെയാകെ, പ്രത്യേകിച്ച് ജീവിക്കാൻ വിഷമിക്കുന്ന നിസ്വജനവിഭാഗത്തെയാകെ ഒന്നായി കാണണമെന്നും കാരുണ്യത്തോടെ അവരെ സഹായിക്കണമെന്നും തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. വാക്കുകൾകൊണ്ടല്ല, പ്രവൃത്തികൾകൊണ്ടാണ് തിരുമേനി അത് പഠിപ്പിച്ചത്.

മാനവരാശിക്കാകെ വെളിച്ചം പകരുന്ന ഇത്തരം ജീവിതങ്ങൾ അപൂർവമാകുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആ സ്മരണ ഇനി നമുക്ക് വഴികാട്ടിയാവട്ടെ. ആ ധന്യസ്മൃതിക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ