Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ വിശദവിവരങ്ങൾ

Published

on

press met

നിയമസഭാ സമ്മേളനവും തുടര്‍ന്ന് ഓണാവധിയുമായതിനാല്‍ നമ്മള്‍ തമ്മിലുള്ള ഇതുപോലുള്ള കൂടിക്കാഴ്ചയ്ക്ക് ഒരിടവേള വന്നിട്ടുണ്ട്. ഇന്ന് മഹാത്മാ അയ്യങ്കാളിയുടെയും വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെയും സ്മരണാ ദിനമാണ്. കേരളത്തിന്‍റെ നവോത്ഥാന വഴിയിലെ ദീപസ്തംഭങ്ങളായ ആ മഹാരഥന്മാരെ ആദ്യം തന്നെ അനുസ്മരിക്കട്ടെ.

സംസ്ഥാനത്ത് കോവിഡ് – 19 വ്യാപനം തുടരുകയാണ്. ഇന്ന് 31,265 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 1,67,497 പരിശോധന നടത്തിയതിലാണിത്. ഇന്ന് കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 153. ഇപ്പോള്‍ 2,04,896 പേരാണ് ചികിത്സയിലുള്ളത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതു മുതല്‍ രോഗവ്യാപനത്തിലുണ്ടായ വര്‍ദ്ധനവനിന്‍റെ തോത് ഓണക്കാലത്തെ തുടര്‍ന്ന് കൂടിയിട്ടുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടിക്കണ്ട് ചികിത്സാസൗകര്യങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

വാക്സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനാല്‍ സാമൂഹിക പ്രതിരോധ ശേഷി അധികം താമസിയാതെ കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനസംഖ്യാനുപാതികമായി വാക്സിനേഷന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം 5 ലക്ഷം ഡോസ് വാക്സിന്‍ വരെ വിതരണം ചെയ്യാന്‍ നമുക്ക് കഴിയുന്നുണ്ട്.

മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവിനു ആനുപാതികമായി മരണങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. മരണമടയുന്നവരില്‍ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണ്. ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കിയത് ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ്.

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതല്‍ പ്രവര്‍ത്തിച്ചു വരുന്നത്. ആ ഉദ്യമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞു. അത് പ്രശംസിക്കപ്പെടുകയും ചെയ്തു.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ വളരെ ഗൗരവപൂര്‍വം പരിശോധിക്കുകയും നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്‍റെ സാധ്യതകള്‍ നിലനില്‍ക്കേ കൂടുതല്‍ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളില്‍ മുന്‍പോട്ടു പോയേ മതിയാകൂ.

മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാവുക, കോവിഡ് മരണങ്ങള്‍ അധികരിക്കാതെ നിര്‍ത്തുക, വാക്സിനേഷന്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കുക എന്നിങ്ങനെയുള്ള പ്രധാന ലക്ഷ്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഒപ്പം ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. കോവിഡ് സാമൂഹിക ജീവിതത്തില്‍ ഏല്‍പ്പിച്ച പരിക്കുകള്‍ ഭേദപ്പെടുത്തേണ്ടതുമുണ്ട്.

ആരോഗ്യവിദഗ്ധനും പ്രസിദ്ധ എപ്പിഡെമിയോളജിസ്റ്റുമായ ഡോ. ജയപ്രകാശ് മുളിയിലും വെല്ലൂര്‍ സി.എം.സിയിലെ വൈറോളജിസ്റ്റായ ഡോ. ഗഗന്‍ ദീപ് കാങ്ങും അതുപോലുള്ള നിരവധി പേരും കേരളത്തിന്‍റെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത് നമ്മുടെ ഇടപെടലിനുള്ള അംഗീകാരമാണ്.

ഡോ. ഗഗന്‍ ദീപ് കാങ്ങ് പ്രമുഖ വാര്‍ത്താ ന്യൂസ് പോര്‍ട്ടലായ ‘ദി വയറിനു’ നല്‍കിയ അഭിമുഖത്തില്‍ കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനു മാതൃകയായി കേരളത്തെ ഉയര്‍ത്തിക്കാണിച്ചു. യാഥാര്‍ഥ്യത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന കോവിഡ് കണക്കുകള്‍ കേരളത്തിന്‍റെതാണെന്ന് ഡോ. കാങ്ങ് അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ ടെസ്റ്റിംഗ് രീതിയുടെ മേന്മ അവര്‍ പ്രത്യേകം എടുത്തു പറഞ്ഞു.

മറ്റിടങ്ങളില്‍ രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ കേരളത്തിന്‍റെ പരിശോധന രോഗവ്യാപനമേഖലയിലാണ് എന്നും ഡോ.കാങ്ങ് വിശദീകരിക്കുന്നു. കേരളത്തില്‍ വൈകിയെത്തിയ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന ഘട്ടമായതിനാലാണ് രോഗസംഖ്യ ഉയര്‍ന്നു നില്‍ക്കുന്നതെന്നും, വ്യാപനത്തിന്‍റെ വേഗം കുറച്ചും വാക്സിനേഷന്‍റെ വേഗം കൂട്ടിയും ജനങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ മികച്ച പ്രകടനമാണ് കേരളത്തിന്‍റെത് എന്നും ഡോ. കാങ്ങ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

മരണനിരക്ക് കുറച്ചുനിര്‍ത്താന്‍ കേരളത്തിനായി എന്നതാണ് ഔട്ട് ലുക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. ജയപ്രകാശ് മുളിയില്‍ എടുത്തു പറയുന്ന ഒരു കാര്യം. ദേശീയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് കേരളത്തിലെ മരണനിരക്ക്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്‍റെ മുഖ്യലക്ഷ്യം മരണം പരമാവധി കുറയ്ക്കുകയാണ്. ശക്തമായ പൊതുആരോഗ്യ സംവിധാനമുള്ളതിനാല്‍ കേസ് കൂടിയാലും നേരിടാന്‍ കേരളത്തിനാകും എന്നും കേരളത്തില്‍ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതാണ് കേസുകള്‍ കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന് എന്നും ഡോ.ജയപ്രകാശ് വിശദീകരിച്ചു.

ഒരു മഹാമാരിയുടെ ഘട്ടത്തിലെ ഏറ്റവും പ്രധാന ലക്ഷ്യം മരണം പരമാവധി കുറയ്ക്കുക എന്നതാണ്. കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തിനാണ് രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ കോവിഡ് മരണ നിരക്ക് കുറച്ചു നിര്‍ത്താന്‍ സാധിക്കുന്നത് എന്നാണ്. 0.51 ശതമാനമാണ് കേരളത്തിലെ മരണ നിരക്ക്. 1.34 ശതമാണ് ദേശീയ ശരാശരി. അതായത് കേരളത്തിലെ കോവിഡ് മരണ നിരക്കിന്‍റെ ഏകദേശം മൂന്നിരട്ടിയാണ് ദേശീയ ശരാശരി മരണ നിരക്ക്. ഇന്ത്യയില്‍ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം, ഗ്രാമ നഗര വ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനം, വയോജനങ്ങളുടെ ശതമാനം കൂടിയ സംസ്ഥാനം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സംസ്ഥാനം, എന്നിങ്ങനെ മരണ നിരക്ക് ഏറ്റവും കൂടുതലാകാന്‍ എല്ലാ സാധ്യകളുണ്ടായിട്ടും നമുക്ക് മരണ നിരക്ക് കുറച്ചു നിര്‍ത്താന്‍ സാധിക്കുന്നത് ഇവിടെ നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും ഒരുക്കിയ ചികിത്സാ സംവിധാനങ്ങളുടേയും മികവാണെന്ന് നിസ്സംശയം മനസ്സിലാക്കാം.

രോഗബാധിതരാകാത്ത ആളുകളുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണെന്നതാണ് രോഗികളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നതിന്‍റെ ഒരു കാരണം. ഒരു സമൂഹത്തില്‍ എത്ര ശതമാനം പേരില്‍ രോഗം വന്നു പോയി എന്നു മനസ്സിലാക്കാന്‍ നടത്തുന്ന പഠനമാണ് സിറോ പ്രിവലന്‍സ് സര്‍വേ.

ഏറ്റവും അവസാനം ഐ.സി.എം.ആര്‍ പുറത്തിറക്കിയ സിറോ പ്രിവലന്‍സ് സര്‍വേ പ്രകാരം കേരളത്തിലെ 44.4 ശതമാനം ആളുകള്‍ക്കു മാത്രമാണ് രോഗം വന്നു പോയിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് രോഗബാധയുണ്ടാകാതെ തടയുന്നതില്‍ വലിയ തോതില്‍ നമ്മള്‍ വിജയിച്ചു എന്നാണ് ഇതിന്‍റെ അര്‍ഥം. എന്നാല്‍ രോഗത്തെ മികച്ച രീതിയില്‍ പ്രതിരോധിച്ചതു കൊണ്ട് രോഗം ഇതുവരെ ബാധിക്കാത്ത, രോഗസാധ്യത കൂടുതലുള്ള ആളുകള്‍ കേരളത്തില്‍ 50 ശതമാനത്തിനും മുകളിലാണ് എന്നതാണ് ഇതിന്‍റെ മറ്റൊരു വശം. ദേശീയ തലത്തില്‍ 66.7 ശതമാനം പേര്‍ക്കാണ് രോഗം വന്നു പോയിരിക്കുന്നത്. അതായത് രാജ്യത്താകെ എടുത്താല്‍ രോഗം പിടിപെടാന്‍ സാധ്യത കൂടുതലുള്ളവര്‍ ഏകദേശം 30 ശതമാനം മാത്രമേയുള്ളൂ. മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ക്കാണ് രോഗം വന്നു പോയത്. രാജസ്ഥാനില്‍ അത് 76.2ഉം, ബീഹാറില്‍ 75.9ഉം, ഗുജറാത്തില്‍ 75.3ഉം ഉത്തര്‍ പ്രദേശില്‍ 71ഉം ശതമാനമാണത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ 69.8 ശതമാനം പേര്‍ക്കും തമിഴ്നാട്ടില്‍ 69.2 ശതമാനം പേര്‍ക്കും രോഗം വന്നു പോയിരിക്കുന്നു. പഞ്ചാബില്‍ അത് 66.5 ശതമാനമാണ്.

ഇത്തരത്തില്‍ സിറോ പോസിറ്റിവിറ്റി കണക്കാക്കുമ്പോള്‍ രോഗം വന്നു പോയതിനു പുറമേ വാക്സിന്‍ വഴി ആന്‍റിബോഡികള്‍ ആര്‍ജ്ജിച്ച ആളുകള്‍ കൂടി കണക്കില്‍ പെടുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആണ് കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തിളക്കം കിട്ടുന്നത്. കേരളമാണ് ദേശീയതലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,77,99,126) ആദ്യ ഡോസ് വാക്സിന്‍ നല്‍കാനായി. കോവിഡിനെതിരായി വലിയ പോരാട്ടം നടത്തുമ്പോള്‍ പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കാന്‍ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാരംഭിച്ച വാക്സിനേഷന്‍ യജ്ഞം വന്‍ വിജയമാണ്. ഇന്നലെവരെ അരക്കോടിയിലധികം പേര്‍ക്ക് (54,11,773) വാക്സിന്‍ നല്‍കാന്‍ വാക്സിനേഷന്‍ യജ്ഞത്തിലൂടെ സാധിച്ചു. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേര്‍ക്കും യജ്ഞത്തിന്‍റെ ഭാഗമായി പ്രതിദിനം വാക്സിന്‍ നല്‍കാനായി. ഓണാവധി പോലും കാര്യമാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണിത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,77,99,126 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 2,03,90,751 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 74,08,375 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 57.60 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 71.05 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.81 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷന്‍ ഒന്നാം ഡോസ് 37.09 ശതമാനവും (48,21,24,952) രണ്ടാം ഡോസ് 10.89 ശതമാനവുമാണ് (14,15,06,099)

സിറോ പോസിറ്റിവിറ്റിയില്‍ വാക്സിന്‍ വഴി ആര്‍ജ്ജിച്ച പ്രതിരോധ ശേഷിയുടെ ശതമാനം ഏറ്റവും കൂടുതല്‍ ഉണ്ടാവുക കേരളത്തിലാണ്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ രോഗബാധയുണ്ടായവരുടെ ശതമാനം വീണ്ടും കുറയുകയാണ്. ഏറ്റവും കുറവ് ശതമാനം പേരെ വൈറസിനെ വിട്ടുകൊടുത്ത സംസ്ഥാനമാണ് നമ്മളെന്ന് നിസ്സംശയം പറയാം.

വാക്സിൻ‍ വൈമുഖ്യം

60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം 9 ലക്ഷം പേര്‍ വാക്സിന്‍ എടുക്കാന്‍ തയ്യാറായില്ല എന്നു കാണാന്‍ കഴിഞ്ഞു. അവര്‍ക്കിടയില്‍ വാക്സിന്‍ എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കി സുരക്ഷിതരാക്കാനുമുള്ള നടപടികൾ കൈക്കൊണ്ടു വരികയാണ്. എന്നിട്ടും പലരും വിമുഖത തുടരുന്നുണ്ട് എന്നത് ഗൗരവമായി പരിശോധിക്കും.

പ്രായമുള്ളവരും അനുബന്ധരോഗമുള്ളവരും വാക്സിന്‍ എടുത്താല്‍ അപകടമുണ്ടാകുമോ എന്ന ഭയം പലരിലുമുണ്ട്. വാക്സിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോര്‍ത്തും ആശങ്കകളുള്ള കുറച്ചാളുകള്‍ ഇപ്പോഴുമുണ്ട്. അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ വാക്സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ വാക്സിന്‍ എടുത്താല്‍ ചെറുപ്പക്കാരില്‍ കാണുന്നതിനേക്കാള്‍ കുറഞ്ഞ പാര്‍ശ്വഫലങ്ങളാണ് പ്രായമായവരില്‍ കാണുന്നത്. അതോടൊപ്പം ചെറുപ്പക്കാരില്‍ ഉണ്ടാകുന്നതിനേക്കാള്‍ മികച്ച രോഗപ്രതിരോധം പ്രായമുള്ളവരില്‍ വാക്സിന്‍ എടുത്തതിനു ശേഷം ഉണ്ടാവുകയും ചെയ്യുന്നു.

മരണമടയുന്നവരില്‍ ബഹുഭൂരിഭാഗവും വാക്സിന്‍ എടുക്കാത്തവരാണ്. വാക്സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ മിക്കവാറും എല്ലാവരും രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരാണ്. അതില്‍ നിന്നും രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്സിന്‍ സ്വീകരിക്കുന്നതാണെന്ന് മനസ്സിലാക്കാം.

പ്രായാധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണം. അക്കാര്യത്തില്‍ അവരെ പ്രേരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറാകണം. വാക്സിന്‍ എടുക്കാത്തവരുടെ പട്ടിക തയാറാക്കും. ബന്ധുക്കളും സുഹൃത്തുക്കളും മുഖേന ഇവരില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടികളും ഉണ്ടാകും.

ആ വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാധിച്ചാല്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കാം.

കുട്ടികളിലെ അസുഖം

കോവിഡ് വന്നു മാറിയതിനു ശേഷം കുട്ടികള്‍ക്കിടയില്‍ കുറഞ്ഞ തോതിലെങ്കിലും കാണുന്ന ആരോഗ്യപ്രശ്നമാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം. അതിവേഗം ചികിത്സിക്കാന്‍ കഴിയുന്ന രോഗമാണിത്. പൊതുവേ കാണുന്ന രോഗലക്ഷണങ്ങള്‍ വയറു വേദന, ത്വക്കില്‍ കാണുന്ന തിണര്‍പ്പ്, പനി തുടങ്ങിയവയാണ്. അത്തരം രോഗലക്ഷണങ്ങള്‍ കാണുന്ന കുട്ടികളെ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ക്ക് ഈ അസുഖം ചികിത്സിക്കാനാവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളിലും പ്രധാന ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ഈ രോഗബാധ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുമുണ്ട്.

ആശുപത്രി സജ്ജീകരണങ്ങള്‍

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. താലൂക്ക് തലംമുതലുള്ള ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും ഐ.സി.യു.വും സജ്ജമാവുകയാണ്. വെന്‍റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളില്‍ കൂടുതല്‍ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് ആശങ്കപ്പെടുന്നത്. അത് മുന്നില്‍ കണ്ട് പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്.

ഓക്സിജന്‍റെ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. 870 മെട്രിക് ടണ്‍ ഓക്സിജന്‍ കരുതല്‍ ശേഖരമായിട്ടുണ്ട്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ 500 മെട്രിക് ടണും കെ.എം.എസ്.സി.എല്‍. ബഫര്‍ സ്റ്റോക്കായി 80 മെട്രിക് ടണും ഓക്സിജന്‍ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്സിജനും കരുതല്‍ ശേഖരമായിട്ടുണ്ട്. 33 ഓക്സിജന്‍ ജനറേഷന്‍ യൂണിറ്റുകളാണ് സജ്ജമാക്കി വരുന്നത്. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും. ഇതില്‍ 9 എണ്ണം ഇതിനകം പ്രവര്‍ത്തനസജ്ജമായി . സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന 38 ഓക്സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം 13 മെട്രിക് ടണ്‍ ഓക്സിജന്‍ പ്രതിദിനം നിര്‍മ്മിക്കുന്നതിനുള്ള ഓക്സിജന്‍ ജനറേഷന്‍ സിസ്റ്റം സ്വകാര്യ ആശുപത്രികളില്‍ സ്ഥാപിച്ചു കഴിഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 281 എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എല്‍. ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. സൗകര്യമോ വെന്‍റിലേറ്റര്‍ സൗകര്യമോ ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ടതായ യാതൊരു കാര്യമില്ല.

കുട്ടികൾ‍ക്ക് ധനസഹായം

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. അടുത്തമാസം ആദ്യ ആഴ്ചയോടെ അവരുടെ അക്കൗണ്ടില്‍ തുക നിക്ഷേപിക്കും.

നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളേയാണ് കണ്ടെത്തിയിട്ടുള്ളത്. ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

പുതിയ നടപടികള്‍

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ -ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താന്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്താകെ രാത്രികാല കര്‍ഫ്യൂ നടപ്പാക്കും. രാത്രി പത്തു മണിമുതല്‍ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണം.

സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും. അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയിലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തിൽ ആദ്യത്തെ ദിവസങ്ങൾ വളരെ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി പോയാൽ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പലകേസുകളിലും ഉണ്ട് .

ഇന്നത്തെ സ്ഥിതിയും അതിന്‍റെ സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്കരിക്കാന്‍ ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു യോഗം ചേരും. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടര്‍മാര്‍, ചികിത്സാ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ദ്ധർ എന്നിവരെ ആ യോഗത്തില്‍ പങ്കെടുപ്പിക്കും. സെപ്തംബര്‍ ഒന്നിന് ഈ യോഗം ചേരും

തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്‍റ്, സെക്രട്ടറിമാരുടെ യോഗവും ഇതിന് ശേഷം സെപ്തംബര്‍ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും ഈ യോഗത്തില്‍ പങ്കെടുക്കും.

ഓരോ തദ്ദേശസ്ഥാപനത്തിന്‍റെ കയ്യിലും വാക്സിന്‍ നല്‍കിയതിന്‍റെ കണക്ക് വേണം എന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണം എന്നും
നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഐ ടി ഐ പരീക്ഷ എഴുതേണ്ടവര്‍ക്ക് മാത്രം പ്രാക്ടിക്കല്‍ ക്ലാസിന് അനുമതി നല്‍കും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഈ ഓഫീസര്‍മാര്‍ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും.

എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും. ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും യോഗം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഓണത്തിനു മുന്‍പ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങള്‍ വീണ്ടും ചേരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കടകളില്‍ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം ചേരുന്നത്. വാക്സിന്‍ എടുക്കാത്തവര്‍ വളരെ അടിയന്തിരസാഹചര്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ചേരുന്നത്.

ടെസ്റ്റിംഗ് സ്ട്രാറ്റജി

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും. 18 വയസ്സിനു മുകളിലുള്ളവരില്‍ 80 ശതമാനത്തിലധികം പേര്‍ക്ക് ആദ്യത്തെ ഡോസ് വാക്സിനേഷന്‍ ലഭിച്ച ജില്ലകളില്‍ സെന്‍റിനൈല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി 1000 സാമ്പിളുകളില്‍ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളില്‍ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുക.

രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കും ഒരു മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവായവര്‍ക്കും ടെസ്റ്റുകള്‍ ആവശ്യമില്ല.

12 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും.
ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കിറ്റുകള്‍ ജില്ലാ അതോറിറ്റികള്‍ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 7,537 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 6,480 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 13,44,100 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

ഇവിടെ, നമ്മുടെ നാടിനെതിരെ ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാരണങ്ങളെ കുറിച്ച് കൂടുതല്‍ ഇപ്പോൾ പ്രതികരിക്കുന്നില്ല. കോവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാസംവിധാനങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ തരംഗത്തെ പിടിച്ചു നിര്‍ത്തിയതിനാലും മരണ നിരക്ക് രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയില്‍ കുറച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചു. ഓക്സിജന്‍ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാതെ രോഗികളുമായി അലയേണ്ടി വരുന്ന അവസ്ഥ ഇവിടെ ആര്‍ക്കുമുണ്ടായില്ല. ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മാശനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ വരി നില്‍ക്കുന്ന കാഴ്ച നമ്മുടെ നാട്ടില്‍ കാണേണ്ടി വന്നിട്ടില്ല. നിവൃത്തിയില്ലാതെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുക്കിക്കളയേണ്ട ഗതികേട് ഇവിടെ ആര്‍ക്കും ഉണ്ടായിട്ടില്ല. എത്രയൊക്കെ ദുഷ്പ്രചരണങ്ങള്‍ നടത്തിയാലും ആര്‍ക്കും മായ്ച്ചു കളയാനാകാത്ത യാഥാര്‍ഥ്യമായി അക്കാര്യങ്ങള്‍ ജനങ്ങളുടെ മുന്‍പിലുണ്ട്. അതീ നാടിന്‍റെ അനുഭവമാണ്. ജനങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്‍റെ ഫലമാണ്. ആ വ്യത്യാസം ഈ ലോകം കണ്ടറിഞ്ഞതാണ്.

കാലാവസ്ഥ

സംസ്ഥാനത്തു വ്യഴാഴ്ച്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ ഒഡിഷ തീരത്ത് ന്യുനമര്‍ദ്ദം രൂപപ്പെട്ടതിന്‍റെയും കര്‍ണാടക കേരള തീരത്ത് നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും സ്വാധീനത്തില്‍ തിങ്കളാഴ്ച വരെ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

ഇന്നും നാളെയും അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും. നാളെ (29/8 /2021) കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും കാസര്‍കോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ തുടര്‍ച്ചയായ ദിവസങ്ങളില്‍ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളക്കെട്ടുകള്‍ക്കും മിന്നല്‍ പ്രളയങ്ങള്‍ക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

25 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ തീവ്രതയുള്ള മഴ ലഭിക്കുന്ന സാഹചര്യമാണ് നമുക്ക് അപകടം സൃഷ്ടിക്കാറുള്ളത്. അതുകൊണ്ട് തന്നെ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

പ്രധാന അണക്കെട്ടുകളില്‍ നിന്ന് ജലം തുറന്നു വിടേണ്ട സാഹചര്യം നിലവില്‍ ഇല്ല. തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ജലം ഒഴുകിവരുന്നയിടങ്ങളിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വനത്തിലും പശ്ചിമഘട്ടത്തിലും മറ്റും ശക്തമായ മഴ പെയ്യുന്നത് കൊണ്ട് നദികളില്‍ പൊതുവെ ഒഴുക്ക് ശക്തമായിരിക്കും. അതുകൊണ്ട് പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മീന്‍ പിടിക്കാനും മറ്റും ഇറങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. എല്ലാവരും മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം1 day ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം2 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം2 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം3 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം4 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം4 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം4 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം4 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം4 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം4 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ