Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ പൂർണ്ണരൂപം

Published

on

പാലക്കാട് നിന്നുള്ള ആശ്വാസകരമായ ഒരു വാര്‍ത്തയാണ് നമ്മുടെ മുന്നിലുള്ളത്. മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നാടൊന്നാകെ ആഗ്രഹിച്ച കാര്യമായിരുന്നു അത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്‍റിലെ സൈനികര്‍, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികര്‍, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരോട് നന്ദി പറയുന്നു. കേരള പോലീസ്, ഫയര്‍ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനന്‍റ് ജനറല്‍ എ അരുണിനെ ഫോണില്‍ വിളിച്ചു നന്ദി അറിയിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്.

നൂറുദിന പരിപാടി

ഈ സര്‍ക്കാര്‍ അധികാരമേറ്റിട്ട് മെയ് 20 ന് ഒരു വര്‍ഷം തികയുകയാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയത്. കോവിഡിന്‍െറ രണ്ടും മൂന്നും തരംഗങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചു. സാധാരണ നിലയില്‍ നടക്കേണ്ട പല പ്രവര്‍ത്തനങ്ങള്‍ക്കും അവ തടസ്സം സൃഷ്ടിച്ചു. എന്നാല്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ജനജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഇടപെടലുകള്‍ക്കും ഒരു മുടക്കവും വരുത്താതെയാണ് സര്‍ക്കാര്‍ ഈ കാലം പിന്നിടുന്നത് എന്ന് പറയാന്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അധികാരത്തില്‍ വന്നയുടനെ നൂറുദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കുന്ന കാര്യങ്ങള്‍ പ്രത്യേകപരിപാടിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ അവ പൂര്‍ത്തീകരിച്ചതിന്റെ റിപ്പോര്‍ട്ടും ജനങ്ങള്‍ക്കു മുന്നില്‍ വെച്ചു. ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായി മറ്റൊരു നൂറുദിന പരിപാടി പ്രഖ്യാപിക്കുകയാണ്. ഫെബ്രുവരി 10ന് -നാളെ- ആരംഭിച്ച് മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20-ന് അവസാനിക്കുന്ന വിധത്തിലാണ് ഈ പരിപാടി നടപ്പാക്കുക.

ആദ്യ നൂറുദിന പരിപാടി 2021 ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് നടപ്പാക്കിയിരുന്നത്. മുന്‍ സര്‍ക്കാരും രണ്ടു തവണയായി നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കിയിരുന്നു. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴില്‍ മേഖലകളില്‍ ഗണ്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മുമ്പ് നടപ്പാക്കിയ മൂന്ന് നൂറുദിന പരിപാടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ഫെബ്രുവരി 10 മുതല്‍ 2022 മെയ് 20 വരെയുള്ള കാലയളവിലെ നൂറുദിന പരിപാടിയില്‍ ആകെ 1,557 പദ്ധതികളും 17,183.89 കോടി രൂപയുടെ വകയിരുത്തലും അടങ്ങിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് 5,87,000, ജലവിഭവവകുപ്പ് 3,91,282, തദ്ദേശസ്വയംഭരണ വകുപ്പ് 7,73,669 എന്നിങ്ങനെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിര്‍മ്മാണ പ്രവൃത്തികളിലൂടെയുള്ള തൊഴില്‍ ദിനങ്ങളായതിനാല്‍ അതിഥി തൊഴിലാളികള്‍ക്കും ഇതിലെ ഒരു പങ്ക് സ്വാഭാവികമായി ലഭ്യമാകും.

നിര്‍മ്മാണ പ്രവൃത്തികളെ ആസ്പദമാക്കിയുള്ള തൊഴില്‍ ദിനങ്ങള്‍ക്ക് പുറമെ പ്രത്യക്ഷവും പരോക്ഷവുമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ 4,64,714 ആണ്. ഇതില്‍ കൃഷി വകുപ്പ് 1,12,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 56,500 പരോക്ഷ തൊഴിലവസരങ്ങളും വനംവകുപ്പ് സാമൂഹ്യ വനവത്ക്കരണ പദ്ധതിയിലൂടെ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്) 93,750 തൊഴിലവസര ങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

ഈ നൂറു ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യുകയും നിര്‍മ്മാണമാരംഭിക്കുകയും ചെയ്യുന്ന എല്ലാ പരിപാടികളും ഇവിടെ വിശദീകരിക്കുന്നില്ല. സംസ്ഥാന തലത്തില്‍ ഏകോപിപ്പിച്ചു നടത്തുന്ന പരിപാടിക്ക് പുറമേ പ്രാദേശിക തലത്തിലും വകുപ്പു തലത്തിലും ഉള്ളവയും ഉണ്ട്. പൊതുവായി ആസൂത്രണം ചെയ്ത പ്രധാനപ്പെട്ട ചിലതു മാത്രം സൂചിപ്പിക്കാം.

സര്‍ക്കാരിന്‍റെ രണ്ടാം നൂറ് ദിന പരിപാടിയുടെ തുടക്കം ഉന്നത നിലവാരത്തിലുള്ള 53 സ്കൂളുകള്‍ നാടിന് സമര്‍പ്പിച്ചു കൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി നിരവധി സ്കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവൃത്തി തുടരും.

ഈ നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്ക് വീതവും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കും. ഗ്രാമനഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്‍റര്‍നെറ്റ് ബ്രോഡ്ബാന്‍റ് കണക്റ്റിവിറ്റി ഒരുക്കുകയും
ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കെഫോണ്‍ പദ്ധതി അതിവേഗതയിൽ പുരോഗമിക്കുകയാണ്. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്‍റെ ലക്ഷ്യത്തോട് അടുക്കുകയാണ്.

ലൈഫ് മിഷന്‍ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനം ആരംഭിക്കും.

അതിദാരിദ്ര്യ സര്‍വ്വേ മൈക്രോപ്ലാന്‍ പ്രസിദ്ധീകരിക്കും.

എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍ തുറക്കും. എല്ലാവരുടെയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.

ഭൂരഹിതരായ 15,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും.

ഭൂമിയുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന
ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങും.

ജനങ്ങള്‍ക്ക് ദുരന്ത നിവാരണ വിദ്യാഭ്യാസം, ദുരന്ത നിവാരണ സാക്ഷരത എന്നിവ നല്‍കുന്ന പദ്ധതി ആരംഭിക്കും.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.
10,000 ഹെക്ടറില്‍ ജൈവ കൃഷി തുടങ്ങും.

സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരള പോലീസ് അക്കാദമിയില്‍ ആരംഭിക്കുന്ന പോലീസ്
റിസര്‍ച്ച് സെന്‍റര്‍, മലപ്പുറത്ത് സ്ത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നടത്തും. പുതിയ 23 പോലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും.

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കും.

കുട്ടനാട് പാക്കേജ് ഫേസ് 1 ന്‍റെ ഭാഗമായി പഴുക്കാനില കായല്‍ ആഴം കൂട്ടലും വേമ്പനാട് കായലില്‍ ബണ്ട് നിര്‍മ്മാണവും തുടങ്ങും.

കോട്ടയത്തെ കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി, എറണാകുളത്തെ ആമ്പല്ലൂര്‍, തിരുവനന്തപുരത്തെ കാട്ടാക്കട, നഗരൂര്‍, കൊല്ലത്തെ കരീപ്ര എന്നീ കുഴല്‍കിണര്‍ കുടിവെള്ള വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ 2,500 പഠനമുറികള്‍ ഒരുക്കും.

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി
പ്രവാസികള്‍ക്കുള്ള റിട്ടേണ്‍ വായ്പ പദ്ധതി നടപ്പാക്കും.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ശബരിമല ഇടത്താവളങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടത്തും.
ഉന്നതവിദ്യാഭ്യാസ വകുപ്പ് 150 വിദ്യാര്‍ത്ഥികള്‍ക്ക്
നവകേരള ഫെല്ലോഷിപ്പ് വിതരണം ആരംഭിക്കും.

18 വയസ്സ് പൂര്‍ത്തിയായ ഭിന്നശേഷിക്കാര്‍ക്ക് ജീവനോപാധി കണ്ടെത്താനും അതുവഴി സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന എംപവര്‍മെന്‍റ് ത്രൂ വൊക്കേഷനലൈസേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇടുക്കിയില്‍ എന്‍ സി സി യുടെ സഹായത്തോടെ നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.

കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്ന്
ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണമാരംഭിക്കും.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായുള്ള 1,500 റോഡുകളുടെ ഉദ്ഘാടനം
നടത്തും.

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രവാസിഭദ്രത പരിപാടി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും.

75 പാക്സ് കാറ്റാമറൈന്‍ ബോട്ടുകളുടെ ഉദ്ഘാടനം
നിര്‍വ്വഹിക്കും.

മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും പുനര്‍ഗേഹം പദ്ധതി വഴി നിര്‍മ്മിച്ച 532 ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനാവും നടത്തും.

ഇത് ഒരു ഏകദേശ ചിത്രം മാത്രമാണ്. സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്തും സര്‍ക്കാരിന് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്‍റെ പ്രതിഫലനമാണ് ഈ നേട്ടം.

കോവിഡ് പ്രതിരോധം ശക്തം

കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തില്‍ സംസ്ഥാനം ആവിഷ്ക്കരിച്ചത്. ഡെല്‍റ്റാ വകഭേദത്തിന് രോഗ തീവ്രത കൂടുതലായിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണ്. ഇപ്പോള്‍ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനമാണ്. രണ്ട് ഡോസും എടുത്തവർ 85 ശതമാനമാണ്. 15 മുതല്‍ 17 വയസ്സു വരെയുള്ള വാക്സിനേഷന്‍ 74 ശതമാനവുമായി. കരുതല്‍ ഡോസിന് അര്‍ഹതയുള്ള 41 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കി. മഹാ ഭൂരിപക്ഷം പേരും രോഗ പ്രതിരോധ ശേഷി നേടിയിട്ടുണ്ട്.

ഒമിക്രോണ്‍ ഇവിടേയും വ്യാപിച്ചതോടെ ജനുവരി ഒന്നിന് മൂന്നാം തരംഗം ആരംഭിച്ചു. രണ്ടാം തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം മേയ് 12ന് 43,529 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. അതേസമയം മൂന്നാം തരംഗത്തില്‍ ഈ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. എന്നാല്‍ ഉയര്‍ന്ന വേഗത്തില്‍ തന്നെ കേസുകള്‍ കുറഞ്ഞു വരുന്നതായാണ് കാണാന്‍ കഴിയുന്നത്.

ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനമാണ് കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ചയില്‍ 215 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ പിന്നീടത് കുറഞ്ഞ് തൊട്ട് മുമ്പത്തെ ആഴ്ചയില്‍ വര്‍ധനവ് 10 ശതമാനമായി. ഇപ്പോള്‍ വര്‍ധനവ് മൈനസ് 39 ശതമാനം മാത്രമാണ്.

കേസുകള്‍ ഇനി വലിയ തോതില്‍ വര്‍ധിക്കാനുള്ള സാഹചര്യമില്ല. പക്ഷെ എല്ലാവരും കുറച്ചുനാള്‍ കൂടി ജാഗ്രത പാലിക്കണം.

നിലവില്‍ ആകെയുള്ള 2,83,676 ആക്ടീവ് കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 54 ശതമാനം ഐസിയു കിടക്കകളും ഒഴിവാണ്. 14.1 ശതമാനം പേര്‍ മാത്രമാണ് വെന്‍റിലേറ്ററിലുള്ളത്. 85 ശതമാനത്തോളം വെന്‍റിലേറ്ററുകള്‍ ഒഴിവുമുണ്ട്.

ലോകമെമ്പാടും ഒമിക്രോണ്‍ തരംഗത്തെ നേരിടാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ മാര്‍ഗമാണ് ഗൃഹ പരിചരണം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്. ഒമിക്രോണ്‍ തരംഗത്തില്‍ 3 ശതമാനം
ആളുകള്‍ക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നത്. അതേസമയം ഒരു ശതമാനം പേര്‍ക്ക്
ഗുരുതരമാകുകയും ചെയ്യും. ന്യുമോണിയ ഉണ്ടാകാന്‍ സാധ്യയുള്ള ഈ ഒരു ശതമാനം പേരെ കണ്ട് പിടിച്ച് കൃത്യമായ ചികിത്സ നല്‍കുകയാണ് പ്രധാനം. ഗൃഹ പരിചരണത്തില്‍ ഇരിക്കുന്ന രോഗികള്‍ അപായ സൂചനകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. ശ്വാസതടസം, നെഞ്ചുവേദന, രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയുക, 3 ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനി എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
ഇ സഞ്ജീവനി വഴിയോ ദിശ വഴിയോ ഡോക്ടറുമായി ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യാവുന്നതാണ്.

എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ
24 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സാ സംവിധാനമൊരുക്കി. വൃക്ക രോഗികള്‍ക്ക് ആശുപത്രികളില്‍ വരാതെ വീടുകളില്‍ തന്നെ ഡയാലിസിസ് ചെയ്യാനുള്ള പദ്ധതി ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ