Covid 19
ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവ്; ചൊവ്വ, ശനി ദിവസങ്ങളില്‍ മൊബൈല്‍, കണ്ണട കടകള്‍ തുറക്കാം
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ കടകള്‍ക്ക് തുറക്കാം. നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല, മറ്റ് പതിമൂന്ന് ജില്ലകളിലും കട തുറക്കാം.
അതേ സമയം കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല. പുതുക്കിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഉത്തരവ് ഇറക്കി.
പാല്, പത്രം, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അനുമതിയുണ്ട്. പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍, ചരക്കുഗതാഗതം, പാസ്യോട്കൂടിയ അന്തര്‍ ജില്ലാ യാത്രകള്‍, മരണാനന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്. പ്രസ്തുത സേവനങ്ങള്‍ ഒഴികെയുള്ള കാര്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.
സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.