Covid 19
കേരളത്തില്‍ ഏഴു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിലവില്‍ കേരളത്തില്‍ ‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ പൊതുവേ ഇത് മാരകമായ ഒന്നല്ല. കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.
ഈ ഫംഗസിന് അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കും. വായുവിലൂടെയാണ് ഫംഗസ് ശരീരത്തില്‍ എത്തുക. സൈനസിനെയും ശ്വാസകോശത്തെയുമാണ് ഇത് മുഖ്യമായി ബാധിക്കുക. ശരീരത്തില്‍ മുറിവോ, പൊള്ളലേല്‍ക്കുകയോ ചെയ്താല്‍ അതുവഴി ത്വക്കിനും അണുബാധയേല്‍ക്കാമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷേന്‍ പറയുന്നു. ചിലരില്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാനും ഇത് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.