കേരളം
കോട്ടയത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുടെ അനൗണ്‍സ്മെന്റ് വാഹനത്തിന് നേരെ ആക്രമണം
കോട്ടയം നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സഞ്ചരിച്ചിരുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് നേരെ ആക്രമണം. വാഹനം തടഞ്ഞ ശേഷം ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ ഡ്രൈവര്‍ സോമശേഖരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നു ബി ജെ പി ആരോപിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ നട്ടാശേരി പരുത്തിക്കുഴി ഭാഗത്തായിരുന്നു ആക്രമണം. അനൗണ്‍സ്മെന്റ് വാഹനം കടന്നു പോകുന്നതിനിടെ ഒരു സംഘം വാഹനം തടഞ്ഞു നിറുത്തുകയായിരുന്നു. തുടര്‍ന്നു വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്ത സംഘം, മൈക്ക് അനൗണ്‍സ്മെന്റ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മൈക്ക് ഓഫ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ച സോമശേഖരന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും, മാരകായുധം ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തെന്ന് സോമശേഖരന്‍ പറഞ്ഞു.
അനൗണ്‍സ്മെന്റ് നടത്താന്‍ അനുവദിക്കില്ലെന്നാരോപിച്ചായിരുന്നു സംഘത്തിന്റെ അക്രമം.സംഭവം അറിഞ്ഞ് ബി ജെ പി നേതാക്കളെത്തിയതോടെ അക്രമി സംഘം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കുഴഞ്ഞ് വീണ സോമശേഖരനെ നേതാക്കള്‍ ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോമശേഖരനെ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.