കേരളം
മലയാളം നാടൻ പാട്ടിൽ സോഷ്യല്‍ മീഡിയ കീഴടക്കി അസമീസ് സഹോദരിമാര്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ മലയാളം നാടന്‍ പാട്ടുകള്‍ പാടി തകര്‍ത്തു മുന്നേറുകയാണ് രണ്ടു പെണ്‍കുട്ടികള്‍. പാട്ട് പാടുന്നതിനു മുൻപായി ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്ത് നിന്നാണ് തങ്ങള്‍ വരുന്നതെന്നും ഇന്ന് കുറച്ച് മലയാളം പാട്ടുകളാണ് പാടുന്നതെന്നും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം എന്നും പറഞ്ഞാണ് പാട്ടു തുടങ്ങുന്നത്. എന്നാല്‍ പിന്നെ തെറ്റ് കണ്ടു പിടിച്ചേക്കാം എന്ന് വിചാരിച്ച് പാട്ട് കേള്‍ക്കാനിരുന്നാല്‍ പാട്ടില്‍ ലയിച്ചുപോകും.
അന്തര നന്തി, അങ്കിത നന്തി എന്നീ സഹോദരിമാരാണ് സുന്ദരമായി മലയാളം പാട്ടുകള്‍ പാടുന്നത്. നന്തി സിസ്റ്റേഴ്സ് എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങുന്നത്. നാടന്‍ പാട്ട് പാടാന്‍ വേണ്ട വിധത്തിലുള്ള കോസ്റ്റ്യൂം വരെ അണിഞ്ഞാണ് ഇവർ ‘നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ’ എന്ന പാട്ട് പാടി തുടങ്ങുന്നത്.
അതിനു പിന്നാലെ, നമ്മുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടായ ‘അപ്പോഴേ പറഞ്ഞില്ലേ’, അതു കഴിഞ്ഞാല്‍ ‘കുട്ടനാടന്‍ പുഞ്ചയിലെ’ – മനോഹരമായാണ് ഓരോ ഗാനവും ആലപിച്ചിരിക്കുന്നത്. തങ്ങളെ മലയാളം പാട്ടു പഠിച്ചെടുക്കാന്‍ സഹായിച്ച മലയാളികളായ സുഹൃത്തുക്കള്‍ക്ക് ഇവര്‍ നന്ദി അറിയിക്കുന്നു.ഇത് ആദ്യമായല്ല നന്തി സിസ്റ്റേഴ്സ് ആയ അന്തര നന്തിയും അങ്കിത നന്തിയും ഒരു മലയാളം പാട്ട് പാടുന്നത്. വമ്ബന്‍ ഹിറ്റായി മാറിയ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനമായിരുന്നു ഇരുവരും ഇതിനു മുൻപ് ആലപിച്ചത്.
വീഡിയോ കാണാം
പാട്ട് ആസ്വദിച്ചവരില്‍ വലിയൊരു പങ്കും മലയാളികളായിരുന്നു. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന മുന്‍കൂര്‍ ക്ഷമാപണത്തിന് ‘ഒക്കെ ക്ഷമിച്ചിരിക്കുന്നു’ എന്നായിരുന്നു ഒരു വിരുതന് നല്കിയ കമന്റ്. അസമില്‍ നിന്നുള്ള പ്രശസ്ത പിന്നണി ഗായികയാണ് അന്തര നന്തി.
സീ ടിവിയിലെ സാ രി ഗാ മാ പാ ലില്‍ ചാമ്യന്‍സ് 2009 ന്റെ ഫൈനലില്‍ ആദ്യ മൂന്നിലെത്തിയ ഗായിക കൂടിയാണ് അന്തര. ഇപ്പോള്‍ ഗായിക കൂടിയായ അങ്കിതയെ കൂടി ഒപ്പം ചേര്‍ത്താണ് അന്തരയുടെ ഓരോ പെര്‍ഫോമന്‍സും.