കേരളം
വൃത്തിയാക്കിക്കൊണ്ടിരുന്ന കിണർ ഇടിഞ്ഞ് ഒരാൾ മരിച്ചു

വൃത്തിയാക്കിക്കൊണ്ടിരുന്ന കിണറിന്റെ ഭിത്തി ഇടിഞ്ഞ് ഉള്ളിലേക്ക് വീണയാള്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം വെള്ളപ്പാറ പെരുങ്കുന്നം തെക്കേക്കരയിലെ സുരേഷാണ് മരിച്ചത്. കുഴല്‍മന്ദം പോലീസും ആലത്തൂര്‍ അഗ്‌നി രക്ഷാ സേനയും മണ്ണുമാന്തി ഉപയോഗിച്ചും വെള്ളം മോട്ടോര്‍വെച്ച് പമ്പുചെയ്ത് വറ്റിച്ചും നടത്തിയ തിരച്ചിലില്‍ വൈകീട്ട് നാലരയോടെ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെരുങ്കുന്നം തെക്കേക്കരയിലായിരുന്നു അപകടം. 15-ഓളം പേരാണ് കിണര്‍ വൃത്തിയാക്കാന്‍ ഉണ്ടായിരുന്നത്. കല്‍ക്കെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ ഉള്ളിലുണ്ടായിരുന്ന നാലുപേര്‍ കരയിലേക്ക് കയറി രക്ഷപ്പെട്ടു.
മുകളിൽ നിന്നും ചെറിയ തോതിൽ മണ്ണ് ഇടിയാൻ തുടങ്ങിയപ്പാേൾ അവരെ രക്ഷപ്പെടുത്തി. അതിനിടെ മുകളിൽ നിന്ന സുരേഷ് മണ്ണിടിഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു. പാറക്കല്ലുകളടക്കം തൊഴിലാളികളുടെ ദേഹത്ത് വീണിരുന്നു.
മുകളില്‍ നിന്ന മൂന്നുപേര്‍ താഴേക്ക് വീണു. ഇവരില്‍ രണ്ടുപേര്‍ തിരികെ കയറിയെങ്കിലും സുരേഷിനെ കാണാതായി. വിവരമറിഞ്ഞ് നിരവധി പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.