കേരളം
പാലക്കാട് നഗരത്തിലെ ഹോട്ടലിൽ വൻ അഗ്നിബാധ
നഗരമധ്യത്തിലെ ഹോട്ടലിൽ വൻ അഗ്നിബാധയുണ്ടായത് പരിഭ്രാന്തി പരത്തി. സ്റ്റേഡിയം-ബസ് സ്റ്റാൻഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിനാണ് തീപിടിച്ചത്. തീപടർന്നതിന് പിന്നാലെ ജീവനക്കാർ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനോട് ചേർന്ന് കഐസ്ഇബി ട്രാൻസ്ഫോർമറും പവർ യൂണിറ്റും പ്രവർത്തിച്ചിരുന്നു. ഇവിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കെട്ടിടത്തിലേക്ക് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിന് സമീപം പ്രവർത്തിച്ചിരുന്ന ബേക്കറിയും അഗ്നിക്കിരയായിട്ടുണ്ട്.
കെട്ടിടവും ഉള്ളിലുണ്ടായിരുന്ന ഫർണീച്ചറുകളും മറ്റ് വസ്തുക്കളും എല്ലാം കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.