കേരളം
വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചു തന്നെ ആദിൽ മരിച്ചു. അതേസമയം, ആദിലിന്റെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദിൽ മരിക്കുകയായിരുന്നു.
അതേസമയം, കൊല്ലത്ത് നിന്നാണ് മറ്റൊരു അപകട വാർത്ത. കൊല്ലം എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടർ ഓടിച്ച ഇവരുടെ മകൻ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബലിതർപ്പണത്തിന് പോയതായിരുന്നു ഇവർ ഇരുവരും.
പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.