കേരളം
ചാറ്റ് ജിപിടി പ്ലസ് ഇന്ത്യയിലും; വരിക്കാര്‍ക്ക് കൂടുതല്‍ സേവനം
നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ ഇന്ത്യയിലും ആരംഭിച്ചതായി ഓപ്പണ്‍ എഐ. മൈക്രോസോഫ്റ്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഓപ്പണ്‍ എഐ.
ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പായ ജിപിടി-4 ഇതില്‍ ലഭ്യമാണെന്ന് ഓപ്പണ്‍ എഐ ട്വീറ്റ് ചെയ്തു. കൂടുതല്‍ സേവനങ്ങളുമായി പുറത്തിറക്കിയ ജിപിടി-4 കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. ജിപിടി- 3.5 ല്‍ നിന്ന് വ്യത്യസ്തമായി ചിത്രങ്ങളുടെയും സ്‌ക്രീന്‍ഷോട്ടുകളുടെയും അടിസ്ഥാനത്തിലും മറുപടി ലഭിക്കുന്ന വിധമാണ് വിധമാണ് ഇതില്‍ സാങ്കേതികവിദ്യ ക്രമീകരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ ഫെബ്രുവരിയിലാണ് ജിപിടി പ്ലസ് അവതരിപ്പിച്ചത്. തുടക്കം എന്ന നിലയില്‍ മാസം 20 ഡോളറാണ് സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. പീക്ക് അവറില്‍ പോലും വരിക്കാര്‍ക്ക് സേവനം നല്‍കുന്ന വിധമാണ് ഇതില്‍ സംവിധാനം.
വരിസംഖ്യ അടയ്ക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് നിലവിലെ പോലെ ചാറ്റ് ജിപിടി സേവനം ലഭ്യമാണ്. ചില പരിമിതികള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ ചാറ്റ് ജിപിടി സേവനം ഉപഭോക്താക്കള്‍ക്ക് മികച്ചരീതിയില്‍ ആസ്വദിക്കാവുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു.