കേരളം
കെഎസ്ആർടിസി എസി, മിന്നൽ ബസുകളിലും പോലീസ് ഉദ്യോഗസ്ഥർക്ക് വാറണ്ട് ഉപയോഗിച്ച് യാത്ര ചെയ്യാം; അനുമതി നൽകി സർക്കാർ
![60](https://citizenkerala.com/wp-content/uploads/2021/02/60.jpg)
![60](https://citizenkerala.com/wp-content/uploads/2021/02/60.jpg)
കെഎസ്ആർടിസിയുടെ എ സി, മിന്നൽ ബസുകളിലും ഇനി മുതൽ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും വാറണ്ട് ഉപയോഗിച്ച് യാത്രക്ക് അനുമതി. സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പരിഗണിച്ചാണ് സർക്കാർ അനുമതി നൽകിയത്. പോലീസിന്റെ ആവശ്യം കെ എസ് ആർ ടി സിയും അംഗീകരിച്ചിരുന്നു.
നിലവിൽ കെഎസ്ആർടിസിയുടെ എക്സപ്രസ് ബസുകൾ വരെ മാത്രമായിരുന്നു പോലീസ് ഉദ്യോഗസ്ഥർക്ക് വാറണ്ടുപയോഗിച്ച് യാത്ര ചെയ്യാൻ അനുമതിയുണ്ടായിരുന്നത്. ഔദ്യോഗിക അടിയന്തര ആവശ്യങ്ങൾക്ക് കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിൽ ഇത് പോലീസിന് പ്രതിസന്ധി സൃക്ഷ്ടിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് കത്ത് നൽകിയത്. പോലീസ് മാനുവലിലെ 554 -ാം വ്യവസ്ഥ പ്രകാരം എക്സ്പ്രസ് ബസിന് പുറമെ എസി, മിന്നൽ ബസുകളിലും ആനുകൂല്യം അനുവദിക്കണമെന്നായിരുന്നു ഡിജിപിയുടെ ആവശ്യം. സംസ്ഥാന സർക്കാർ ഡിജിപിയുടെ കത്തിൽ കെഎസ്ആർടിസിയുടെ വിശദീകരണം തേടി.
ഇതോടെയാണ് സാമ്പത്തിക നഷ്ടമില്ലാത്തതിനാൽ എസി മിന്നൽ ബസുകളിൽക്കൂടി പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്ര അനുവദിക്കാൻ കെഎസ്ആർടിസി അനുമതി നൽകിയത്. വാറണ്ടുമായി കയറുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആനുകൂല്യം ലഭിക്കും. ഇതിനായി വാറണ്ടുകളിൽ പതിക്കാൻ പ്രത്യേക മുദ്രയും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.