കേരളം
ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും
സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് നടക്കും.
85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
ദുരന്ത നിവാരണ അതോറ്റി പുറത്തുവിട്ട പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതല്‍ 2.50 വരെയുള്ള സമയങ്ങളിലും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്.
പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് ‘കവചം’ എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
മൊബൈല്‍ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാൻ സാധിക്കും.
തിരുവനന്തപുരം ജില്ലയില്‍ ഏഴ് സ്ഥലങ്ങളിലാണ് സൈറണുകളുടെ പരീക്ഷണം നടക്കുന്നത്. പൂവാർ ഗവ. എച്ച്.എസ്.എസ്, കരിക്കകം ഗവ. സ്കൂള്‍, കിഴുവില്ലം ഗവ. യു.പി. സ്കൂള്‍, വെള്ളറട യു.പി. സ്കൂള്‍, പൊഴിയൂർ മിനി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ജില്ലയിലെ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിൽ പള്ളിപ്പുറം, തുരുത്തിപ്പുറം, പാലിയം ഗവൺമെൻ്റ് എച്ച്എസ്എസ് ചേന്ദമംഗലം, ഗവ ജെബിഎസ് കുന്നുകര, ഗവ എംഐയുപിഎസ് വെളിയത്തുനാട്, ഗവ എച്ച്എസ്എസ് വെസ്റ്റ് കടുങ്ങല്ലൂർ, ഗവ ബോയ്സ് എച്ച്എസ്എസ് ആലുവ, ഗവ ഹയർ സെക്കൻഡറി സ്കൂൾ, ശിവൻകുന്ന്, മൂവാറ്റുപുഴ ഗവ ഹയർ സെക്കൻഡറി സ്കൂൾ, മുടിക്കൽ, എറണാകുളം ഗവ ഗസ്റ്റ് ഹൗസ്, ജില്ല എമർജൻസി ഓപ്പറേഷൻ സെന്റർ, കളക്ട്രേറ്റ്, കാക്കനാട് എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.