കേരളം
കെഎസ്ആർടിസിയിലെ 100 കോടി അഴിമതി ആരോപണം; കേസെടുക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ
കെഎസ്ആർടിസിയിൽ 100 കോടി രൂപ അഴിമതി നടന്നുവെന്ന എം.ഡിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാഡ. കേസെടുക്കുവാൻ ഹൈക്കോടതിയ്ക്ക് നിർദ്ദേശിക്കാനാകില്ലെന്ന് സർക്കാർ പറഞ്ഞു.
പരാതിക്കാരന് ബന്ധപ്പെട്ട കീഴ്ക്കോടതിയെ സമീപിക്കുകയോ, പോലീസിൽ പരാതി നൽകുകയോ ചെയ്യാമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
അഴിമതിയാരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരൻ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ നിലപാട്. ഹർജി നിലനിൽക്കില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സാവകാശം വേണമെന്ന് പരാതിക്കാരനും ആവശ്യപ്പെട്ടു.
ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ഡിജിപിയ്ക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി അടുത്ത വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും