Kerala
എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍


എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവർത്തനങ്ങളും അഴിമതികളും കണ്ടെത്തുന്നതിലേയ്ക്കായി സംസ്ഥാനത്തെ എല്ലാ എക്സൈസ് ഡിവിഷൻ ഓഫീസുകളിലും തിരഞ്ഞെടുത്ത എക്സൈസ് സർക്കിൾ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓപ്പറേഷൻ കോക്ടെയ്ൽ എന്ന പേരിൽ ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്. ഓണക്കാലത്തോടനുബന്ധിച്ച് ചില കള്ള്ഷാപ്പ് ഉടമകളും ബാർ ഉടമകളും പരിശോധന ഒഴിവാക്കുന്നതിലേയ്ക്കായി ചില എക്സൈസ് ഉദ്ദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതും ലൈസൻസ് നിബന്ധനകൾക്കും പെർമിറ്റുകൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന കള്ള്ഷാപ്പുകൾക്കും ബാറുകൾക്കും ചില എക്സൈസ് ഉദ്ദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്.
സംസ്ഥാനത്തെ 14 എക്സൈസ് ഡിവഷനുകളിലും തിരഞ്ഞെടുത്ത 16 എക്സൈസ് സർക്കിൾ ഓഫീസുകളിലും 45 റേഞ്ച് ഓഫീസുകളും ഉൾപ്പടെ 75-ഓളം എക്സൈസ് ഓഫീസുകളിൽ വിജിലൻസ് ഇന്നലെ ഉച്ച മുതൽ ഒരേ സമയം സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ കള്ള് ഷോപ്പുകളിലും, ബാറുകളിലും, നിശ്ചിത ഇടവേളകളിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന ഉത്തരവിന് വിരുദ്ധമായി ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ്, കോട്ടയം ജില്ലയിലെ ഈരാറ്റുുപേട്ട എക്സൈസ് റേഞ്ച് ഓഫീസ്, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസ്, കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, പാലക്കാട് ജില്ലയിലെ ചിറ്റൂൂർ എക്സൈസ് റേഞ്ച് ഓഫീസ്, വയനാട് ജില്ലയിലെ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് തുടങ്ങിയ ഓഫീസുകളിൽ ഉത്തരവ് പ്രകാരമുള്ള പരിശോധന എക്സൈസ് ഉദ്യോഗസ്ഥർ നടത്തുന്നില്ല എന്ന് വിജിലൻസ് കണ്ടെത്തി.
ബെവ്കോ ഗോഡൗണുകളിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ബാറുകളിൽ മദ്യം ഇറക്കാവൂ എന്ന ഉത്തരവ് സംസ്ഥാനത്തെ ചില എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ നടപ്പിലാക്കുന്നില്ല എന്നും വിജിലൻസ് കണ്ടെത്തി. ഇന്നലെ പരിശോധന നടത്തിയ ചേർത്തല എക്സൈസ് സർക്കിൾ ഓഫീസ്, പാലക്കാട് ജില്ലയിലെ ചിറ്റൂൂർ എക്സൈസ് റേഞ്ച് ഓഫീസ്, പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസ്, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, എന്നീ ഓഫീസുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ചില ബാറുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം ഇറക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി. ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ പൊതുസ്ഥലത്ത് പുക വലിക്കുന്നത് പോലുള്ള കുറ്റങ്ങളിൽ പിടിക്കപ്പെടുന്നവരിൽ നിന്നും പിഴ ഈടാക്കാതെ പിഴയെക്കാൾ കൂടുതൽ തുകയുമായി ഓഫീസിലെത്താൻ നിർദ്ദേശിക്കുന്നതായി വിജിലൻസ് കണ്ടെത്തി.