കേരളം
വന്ദേഭാരത് എക്സ്പ്രസിന്റെ യാത്രാ സർവീസ് ബുക്കിങ് ഉടൻ ഐആർസിടിസി വെബ്സൈറ്റിൽ ലഭ്യമാകും
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം തന്നെ വന്ദേഭാരത് എക്സ്പ്രസിന്റെ യാത്രാ സർവീസ് ആരംഭിക്കും. ഈ മാസം തന്നെ യാത്രാ സർവീസ് തുടങ്ങാനാണ് റെയിൽവേയുടെ തീരുമാനം. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസമായ 27ന് യാത്രാ സർവീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ, പല ട്രെയിനുകളുടെയും സമയത്തിൽ മാറ്റം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
അതിനിടെ വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കാൻ റെയിൽവേ നിർദേശം നൽകി. വിവിധ വിഭാഗങ്ങളിൽ നിന്നു ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. വന്ദേഭാരത് ട്രെയിനിനുള്ളിലെ അനൗൺസ്മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റെക്കോർഡ് ചെയ്യാനായി ചെന്നൈ ഐസിഎഫിൽ നിന്ന് അയച്ചുകൊടുത്തിട്ടുണ്ട്. മെട്രോ മാതൃകയിൽ അടുത്ത സ്റ്റേഷൻ സംബന്ധിച്ച അറിയിപ്പുകൾ കോച്ചിനുള്ളിൽ ലഭിക്കും. 25നാണ് വന്ദേഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
യാത്രാ സർവീസ് എന്നുമുതൽ ആരംഭിക്കുമെന്ന പ്രഖ്യാപനം വരുന്നതോടെ, ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യാം. അന്തിമ വിജ്ഞാപനം വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ട്രെയിൻ ഐആർസിടിസി വെബ്സൈറ്റിൽ ബുക്കിങ്ങിന് ലഭ്യമാകും.
വന്ദേഭാരതിൽ മികച്ച ഭക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഐആർസിടിസി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണോ വേണ്ടയോ എന്നു തീരുമാനിക്കാം. ഇത് അനുസരിച്ചു ടിക്കറ്റ് നിരക്കു വ്യത്യാസപ്പെടും.