Connect with us

Citizen Special

മറക്കാനൊക്കാത്ത ഓർമ്മകൾ സമ്മാനിക്കുന്ന ജൂൺ മാസം

Published

on

school opening june
പ്രതീകാത്മക ചിത്രം

സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, പരിസ്ഥിതി പ്രവർത്തകനും, പൊതുപ്രവര്‍ത്തകനും, ആലപ്പുഴ ചാരുംമൂട് വി.വി.എച്ച്.എസ്. അധ്യാപകനുമാണ് ലേഖകനായ സുഗതൻ എൽ ശൂരനാട്.

നമ്മുടെ കുഞ്ഞുങ്ങൾ വീണ്ടും ഒരു ഓൺലൈൻ പഠനക്കാലത്തിനായി കാത്തിരിക്കുകയാണ്. ലോകമാകെ ഇളക്കിമറിച്ച കോവിഡ് 19എന്ന മഹാമാരി അതിന്റെ വകഭേദങ്ങൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ അതിനെ പ്രതിരോധിക്കുവാനും തരണം ചെയ്യുവാനും ലോകം ഒരുമിച്ച് മുന്നേറുന്ന ഈ കാലഘട്ടത്തിൽ നാമെല്ലാം വലിയ ആശങ്കയിലും വിഹ്വലതയിലുമാണ്. നമ്മുടെ ജീവൻ, ജീവിതം, കുടുംബം, അതിലെ പ്രിയപ്പെട്ടവർ, മക്കൾ അവരുടെ പഠനം, ഭാവി ജീവിതം ഒക്കെ ഒരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുകയാണ്.

ഓരോ ജൂൺ മാസവും നമുക്കേവർക്കും മറക്കാനൊക്കാത്ത ഓർമ്മകൾ സമ്മാനിക്കുന്ന കാലമാണ്. പുത്തൻ കുപ്പായമിട്ട് നനഞ്ഞ് കുതിർന്ന് ക്‌ളാസിലെ ബെഞ്ചിൽ കൂട്ടുകാരോടൊത്ത് അവധിക്കാല വിശേഷം പങ്കുവെയ്ക്കുന്ന ആ കാലഘട്ടം ഏത് മലയാളിക്കാണ്‌ മറക്കാൻ കഴിയുക. ആ നല്ല ദിനങ്ങൾ കാലയവനികക്കുള്ളിൽ മറയുവാൻ ആരും ഇഷ്ടപ്പെടുന്നില്ല.

കഴിഞ്ഞ ഒന്നര വർഷക്കാലമായി കൂട്ടുകാരെ കാണാൻ കഴിയാതെ, തമ്മിൽ ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാക്കാൻ കഴിയാതെ, പ്രിയപ്പെട്ട അധ്യാപകരെ കാണാൻ കഴിയാതെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന ബാല്യങ്ങൾ….
അവരുടെ മാനസികാവസ്ഥ മനസിലാക്കാതെ നിസാര കാര്യങ്ങൾക്കായി ഒച്ചവെയ്ക്കുന്ന രക്ഷിതാക്കൾ…
തന്റെ കുട്ടികളെ നേരിട്ട് കാണാൻ കഴിയാത്ത അധ്യാപകർ….
പലവേളകളിലും പല തീരുമാനങ്ങളിലും നിസ്സഹായരാകുന്ന രക്ഷകർത്താക്കൾ….
ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കുവാൻ സർക്കാർ തലത്തിലും സന്നദ്ധ മേഖലയിലും കിണഞ്ഞുള്ള പരിശ്രമം…
സമൂഹത്തിലെ അൻപത് ശതമാനം ആളുകളും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിൽ ഇനി എന്ത്‌ എന്ന ചോദ്യവുമായി മനസാക്ഷിക്കു മുന്നിൽ സ്വയം എരിഞ്ഞടങ്ങുന്ന കാഴ്ചകൾ…

ഈ അവസരത്തിൽ നമ്മുടെ കുട്ടികളോടൊപ്പം നിൽക്കുകയെന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.അതിലൂടെ അവർക്ക് ആത്മവിശ്വാസം പകർന്ന് നൽകുക. ബഹുഭൂരിപക്ഷവും സമയം ചെലവഴിക്കാൻ കഴിയാത്തവർ.ഒരു കുട്ടിക്ക്‌ സാമൂഹ്യ അവബോധം ഉണ്ടാകുന്നത്, വീട്ടിൽ നിന്നും സ്‌കൂളിലേക്കുള്ള അവന്റെ യാത്രയിൽ ഉടനീളം കിട്ടുന്ന ചെറുതും വലുതുമായ അനുഭവങ്ങളിലൂടെയാണ്. അതാണ് അവർക്ക് ഇവിടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഈ കോവിഡ് കാലത്തെ ഓരോ നിമിഷവും പ്രയോജനപ്രദമാക്കുവാൻ ഓരോ വിദ്യാർത്ഥിക്കും കഴിയണം. അതിന് അവനെ പ്രേരിപ്പിക്കുക എന്നതാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുഖ്യധർമ്മം. പുസ്തകത്താളുകളിൽ നിന്ന് അപ്പുറം ജീവിതാനുഭവങ്ങളും ജീവിത പാഠങ്ങളുമാണ് അവർ സ്വായത്തമാക്കേണ്ടത്. ആലപ്പുഴയിലെ മിലോണിന്റെയും കുടുംബത്തിന്റെയും ജീവിത കഥ ഇതിനുദാഹരണമാണ്. തന്റെ പതിനഞ്ച് വയസ്സിനുള്ളിൽ ഒരു സ്കൂളിൽ പോലും പോകാതെ പന്ത്രണ്ടോളം ഭാഷ പഠിക്കുകയും മിക്ക വിഷയങ്ങളിലും അവശ്യം വേണ്ടുന്ന അവഗാഹം നേടുകയും ചെയ്തു.എത്ര എത്ര മേഖലകളിലാണ് ആ കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചിരിക്കുന്നത്.

അല്പം ശ്രദ്ധ നമ്മൾക്കും ഉണ്ടെങ്കിൽ കുട്ടികളുടെ കാര്യത്തിൽ വിഷമിക്കേണ്ടി വരില്ല. അതിനായി, വീട്ടിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവരെക്കൂടെ ഉൾപ്പെടുത്തുക. ചെറിയ ഉത്തരവാദിത്വങ്ങൾ അവരെ ഏൽപ്പിക്കുക. അവനവന്റെ ഉടുതുണി അലക്കുവാനും ആഹാരം കഴിച്ച പാത്രം കഴുകി വെയ്ക്കാനും, പച്ചക്കറി കൃഷിയിൽ വീട്ടുകാരോടൊപ്പം സഹായിക്കാനൊക്കെയുള്ള നിർദേശങ്ങൾ കൊടുക്കുക. വീട്ടിലെ വരവ് ചെലവ് കണക്കുകൾ അവരെ കൂടെ ബോധ്യപ്പെടുത്തുക.ബഡ്ജെറ്റ് തയാറാക്കുന്ന ചുമതല നൽകുക. മാതാപിതാക്കളുടെ ജോലിയുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വിഷമങ്ങളും കുടുംബ സമേതം ചർച്ച ചെയ്യുക തുടങ്ങി എല്ലാ കാര്യങ്ങളിലും അവരെ കൂടി ഉൾപെടുത്താൻ ശ്രമിക്കുക.അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക.

എന്തായാലും നമ്മുടെ കുട്ടികൾക്ക് ഇനി പുത്തൻ സാങ്കേതിക വിദ്യകളിൽ നിന്നും ഒരു തിരിച്ചു പോക്കില്ലായെന്നത് യാഥാർഥ്യമാണ്. മിക്ക കുട്ടികളും സോഷ്യൽ മീഡിയയും ഗെയ്മും ഒക്കെ കാണുവാൻ വളരെ ഉത്സാഹം കാണിക്കുന്ന കൂട്ടത്തിലുമാണ്. (അതുപോലെ ലൈംഗിക വിദ്യാഭ്യാസം യൂ പി ക്ലാസ് മുതൽ നൽകുക. ) ഇതിനെ ചൊല്ലി പല കശപിശകളും വീടുകളിൽ ഇപ്പൊൾ നിത്യ സംഭവമാണ്. എന്നാൽ അവരെ വിശ്വാസത്തിലെടുത്തുകൊണ്ട് എല്ലാ ദിവസവും ഒരു നിശ്ചിത സമയം ഇതിനായി അവർക്ക് അനുവദിക്കുന്നത് അവരിൽ കൂടുതൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനു കാരണമാകും.

ഓൺലൈൻ പഠന സംവിധാനത്തിൽ, തുടങ്ങിയ വർഷം എന്ന നിലയിൽ പല പോരായ്മകളും വിഷമങ്ങളും കഴിഞ്ഞ കാലത്ത് നാം നേരിട്ടതാണ്. എന്നാൽ ഈ വർഷം അത് കൂട്ടായി പരിഹരിക്കാനുള്ള തീരുമാനം ഉണ്ടാകണം. എഴുപത് ശതമാനം വീടുകളിലും ടി വി മാത്രമായിരുന്നു പഠനമാധ്യമം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ചത് പ്രൈമറി തലത്തിലുള്ള കുട്ടികളാണ്. അതിൽ സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിലുള്ള കുട്ടികളാണ് പഠന ശേഷി തീരെ നേടാൻ കഴിയാതെ പോയവർ. അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആരും ശ്രദ്ധിക്കാനില്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നു. ഇക്കൂട്ടർക്കായി പൊതുപഠന കേന്ദ്രമൊരുക്കുന്ന കാര്യത്തിൽ സന്നദ്ധ പ്രവർത്തകരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും പ്രത്യേക ഇടപെടലുകൾ ഉണ്ടായാൽ ഓരു പരിധി വരെ ഇതിന് പരിഹാരമാകും.

ഫസ്റ്റ്‌ ബെൽ സംവിധാനം കൂടാതെ അദ്ധ്യാപകർ നേരിട്ട് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് എടുക്കുന്ന കാര്യവും സർക്കാർ തലത്തിൽ ആലോചിക്കുന്നത് സ്വാഗതാർഹമാണ്. ഇതിനായി എല്ലാ കുട്ടികൾക്കുംമൊബൈൽ സംവിധാനം അനുപേക്ഷണീയവുമാണ്. എന്നാൽ നിത്യവേലക്ക് പോകുന്ന രക്ഷിതാക്കളുടെ കൈയ്യിലെ ഫോൺ ആണ് കുട്ടികൾ ഉപയോഗിക്കേണ്ടത്. പകൽ സമയം നടക്കുന്ന ക്‌ളാസുകളിൽ എത്ര കുട്ടികൾക്ക് ആണ് ഈ സാഹചര്യം ലഭിക്കുന്നതെന്ന് പറയാൻ കഴിയില്ല.ഒരു വീട്ടിൽ രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ അത് കൂടുതൽ പ്രയാസകരമാകും.എന്നാൽ അതാതു വിഷയങ്ങളുടെ അദ്ധ്യാപകർ ഓൺലൈൻ ക്ലാസ് ദിവസങ്ങളിൽ വൈകുന്നേരം കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ഒരു ഓൺലൈൻ മീറ്റിങ്ങിലൂടെ സംശയനിവാരണം നടത്തുന്നത് നന്നായിരിക്കും.അതിലൂടെ കുട്ടികളൂം അദ്ധ്യാപകരും തമ്മിലുള്ള അകലം കുറയുമെന്ന കാര്യത്തിൽ സംശയമില്ല.

എല്ലാ കൊച്ചുകൂട്ടുകാർക്കും അധ്യാപകർക്കും എത്രയും വേഗം നേരിൽ കാണുവാനും പഴയ ക്‌ളാസ് മുറികൾ അവരുടെ സ്വർഗമാകുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

സുഗതൻ എൽ ശൂരനാട്
9496241070

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം17 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version