രാജ്യാന്തരം
പലസ്തീന് കൂടുതൽ സഹായം എത്തിക്കാൻ യുഎഇ; സ്വദേശികളും വിദേശികളും ഉൾപ്പടെ നിരവധി പേർ പങ്കാളികൾ
പലസ്തീന് കൂടുതല്‍ സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ യുഎഇ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ദുരുതാശ്വാസ കേന്ദ്രങ്ങളില്‍ സ്വദേശികളും വിദേശികളും അടക്കം നൂറുകണക്കിന് ആളുകളാണ് സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനുമായി എത്തുന്നത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സഹായങ്ങള്‍ കൈമാറാനും ആയിരങ്ങള്‍ എത്തുന്നുണ്ട്.
ഗാസക്ക് വേണ്ടി അനുകമ്പ എന്ന പേരില്‍ രണ്ടാഴ്ച മുമ്പാണ് യുഎഇ ഭരണകൂടം പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചത്. അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പരിധിയില്ലാത്ത സഹായമാണ് ഓരോ ദിവസവും ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നത്. ദുബായ് ഫെസ്റ്റിവല്‍ അരീനയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് ആളുകളാണ് അവശ്യ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനായി എത്തിയത്.
സ്വദേശികളും വിദേശികളുമായ നിരവധി കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മരുന്ന്, മെഡില്‍ ഉപകരണങ്ങള്‍, ഭക്ഷണം, വസ്ത്രം എന്നിവയുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ഉടന്‍ പലസ്തീന് കൈമാറും. ഈജിപ്തിലെ അല്‍ അരിഷില്‍ എത്തിച്ച ശേഷം അവിടെ നിന്ന് യുഎന്‍ റിലീഫ് ഏജന്‍സി വഴിയാകും സഹായങ്ങള്‍ യുദ്ധ ഭൂമിയില്‍ എത്തിക്കുക. പലസ്തീന്‍ ജനതക്ക് ആദ്യഘട്ട സഹായമായി 69 ടണ്‍ സാധനങ്ങള്‍ നേരത്തെ കൈമാറിയിരുന്നു. ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടകള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ പുരോഗമിക്കുത്.