കേരളം
സര്‍ക്കാരിന് തിരിച്ചടി ; സിസ തോമസിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.
വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. സിസ തോമസിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ആദ്യ ദിവസം തന്നെയാണ് വിശദമായ വാദം പോലും കേള്‍ക്കാതെ സുപ്രീംകോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. മുന്‍ വിസി ഡോ. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ്, സിസ തോമസിനെ താല്‍ക്കാലി വിസിയായി ഗവര്‍ണര്‍ നിയമിച്ചത്.
എന്നാല്‍ സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സിസ തോമസ് വിസിയായി ചുമതലയേറ്റതെന്ന് ചൂണ്ടിക്കാട്ടിയാണ്, സര്‍ക്കാര്‍ സിസ തോമസിനെതിരെ രംഗത്തു വന്നത്. സിസ തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിനെതിരെ സിസ തോമസ് ഹൈക്കോടതി സമീപിച്ചു.
തുടര്‍ന്ന് സിസ തോമസിന് അനുകൂലമായി ഹൈക്കോടതി വിധിച്ചു. എന്നാല്‍ സിസ തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.