കേരളം
നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ ആരംഭിക്കും. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രിക സമർപ്പണത്തിനുള്ള സൊകര്യം ഒരുക്കിയിരിക്കുന്നത്. നവംബർ 19നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാത്രമേ നാമനിർദ്ദേശ പത്രികാ സമർപ്പണം നടത്തനാകൂ. സ്ഥാനാർത്ഥികളുടെ വാഹന വ്യൂഹം അനുവദിക്കില്ല, ഒരു വാഹനത്തിന് മാത്രമേ അനുമതിയുള്ളൂ, സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ ഉണ്ടാകാൻ പാടില്ല, പരമാവധി മൂന്ന് പേർ മാത്രമേ പത്രിക സമർപ്പണത്തിന് എത്താൻ പാടുള്ളൂ തുടങ്ങിയ നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. മാസ്ക്ക്, സാനിറ്റൈസർ, സമൂഹിക അകലം എന്നിവ നിർബന്ധമാണ്.
ഒരേസമയം ഒന്നലധികം സ്ഥാനാർത്ഥികൾ എത്തിയാൽ വിശ്രമിക്കാൻ സൊകര്യം ഒരുക്കും. വരണാധികാരിക്കും ഉപ വരണാധികാരിക്കും മാസ്ക്ക്, കൈയ്യുറ, ഫെയ്സ് ഷീൽഡ് എന്നിവ നിർബന്ധമാണ്. കെട്ടിവയ്ക്കേണ്ട തുക ട്രഷറിയിലോ, തദ്ദേശ സ്ഥാപനത്തിലോ നൽകാം തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. കണ്ടൈൻമെന്റ് സോണിലുള്ളവരും, ക്വാറന്റൈനിലുള്ളവരും പത്രിക സമർപ്പിക്കാൻ മുൻകൂർ അനുമതി തേടണം. ഇവർക്ക് പ്രത്യേകം സമയം അനവദിക്കും.
20നാണ് സൂക്ഷ്മ പരിശോധന. സൂക്ഷ്മ പരിശോധനയ്ക്ക് ഓരോ വാർഡിലെയും സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും മാത്രമായിരിക്കും പ്രവേശനം. നവംബർ 23 നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.