ക്രൈം
തിരുവനന്തപുരത്ത് വിദ്യാർത്ഥിനി കടലിൽചാടി മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തെരച്ചില്‍
തിരുവനന്തപുരം വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയും സുഹൃത്തും കടലിൽ ചാടി. വിദ്യാർത്ഥിനി മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് കണ്ടെത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനി.
സുഹൃത്തിനൊപ്പം വിദ്യാർത്ഥിനി കരയിൽ നിൽക്കുന്നതും കടലിലേക്ക് ചാടുന്നതും മത്സ്യത്തൊഴിലാളികളാണ് കണ്ടത്. ഇവർ ഉടൻ അയിരൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തവേയാണ് പെൺകുട്ടിയുടെ മൃതദേഹം കാപ്പിൽ പൊഴിതീരത്തുനിന്ന് ലഭിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ധനകാര്യസ്ഥാപനം നടത്തുന്ന സാജന്റെയും അധ്യാപികയായ സിബി സാജന്റെയും മകളാണ് ശ്രേയ. ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂർ എംജിഎം മോഡൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രേയ.