കേരളം
SFIയുടെ കരിങ്കൊടി പ്രതിഷേധം; വാഹനത്തില്‍ കയറാതെ വഴിയിലിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍
കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി പ്രതിഷേധം. വാഹനത്തിന് പുറത്തേക്കിറങ്ങിയ ഗവര്‍ണര്‍ റോഡിലിരുന്ന് പൊലീസിനെ ശകാരിച്ചു. കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. കൊല്ലം നിലമേലിലാണ് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധം നടന്നത്. ഗവര്‍ണറുടെ വാഹനം കടന്നുപോകുന്ന വഴിയില്‍ അറുപതോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.
ക്ഷുഭിതനായ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വഴിയരികില്‍ ഹോട്ടലിനടുത്ത് ഇരിപ്പുറപ്പിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ താന്‍ വരില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ പൊലീസുകാരെയും ശകാരിച്ചു. എന്തുകൊണ്ട് പൊലീസ് പ്രതിഷേധം അറിയാതെ പോയെന്നും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പൊലീസുകാര്‍ ശ്രമിക്കുന്നുണ്ട്.