Connect with us

Kerala

തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം, വിവരം അറിയിച്ചിട്ടും അനങ്ങാതെ പൊലീസ്

Published

on

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് കേസെടുത്തത്, മൂന്ന് ദിവസത്തിന് ശേഷം മാത്രം

മൂലവിളാകത്ത് താമസിക്കുന്ന 49കാരിക്കാണ് ഞെട്ടിപ്പിക്കുന്ന ദുരനുഭവം. കഴിഞ്ഞ 13ന് രാത്രി 11മണിക്കാണ് സംഭവം. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല.

പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്, സ്റ്റേഷനിലെത്തി മൊഴി നൽകാൻ. സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് പിന്നെ കേസെടുത്തത് പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷം മാത്രം.അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പൊലീസ് അറിയിക്കുന്നത്. സിസിടിവി അടക്കം ശേഖരിച്ചിട്ടുണ്ട്. പക്ഷെ പൊലീസിന് ആദ്യഘട്ടത്തിൽ സംഭവിച്ച ഗുരുതവീഴ്ചയിൽ മൗനം. മ്യൂസിയത്ത് വനിതാ ഡോക്ടറെയും കവടിയാറിൽ പെൺകുട്ടികളെയും ആക്രമിച്ച സംഭവങ്ങളിൽ നിന്നും പൊലീസ് ഒന്നും പഠിച്ചിട്ടില്ലെന്ന് ചുരുക്കം.

Advertisement