ദേശീയം
ശബരിമല പ്രസാദം ഇനി തപാല്‍ വഴി വീട്ടിലെത്തും
കോവിഡ് മൂലം തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ അരവണയും ആടിയശിഷ്ടം നെയ്യും ഉള്‍പ്പെടെ ശബരിമലയിലെ പ്രസാദങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചുനല്‍കാന്‍ തപാല്‍ വകുപ്പ്.
തിരവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍ അടങ്ങിയ കിറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിക്കും.
കിറ്റ് ഒന്നിന് 450 രൂപയാണ് ഈടാക്കുക.ഒരു ടിന് അരവണ, ഭസ്മം, ആടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞള്‍പൊടി, അര്‍ച്ചന പ്രസാദം എന്നിവയാണ് ഓരോ കിറ്റിലും ഉണ്ടാവുക. 250 രൂപ ദേവസ്വം ബോര്‍ഡിനും 200 രൂപ തപാല്‍ വകുപ്പിനുമാണ് ലഭിക്കുക.
പോസ്റ്റ് ഓഫീസ് വഴി എത്തിച്ചു നല്‍കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റില്‍നിന്നു അപ്പം ഒഴിവാക്കിയതെന്ന് പറയുന്നു.
കേരളത്തിന് പുറത്തു നിന്നും വരുന്ന ഭക്തര്‍ കൂടുതല്‍ വാങ്ങുന്നത് അരവണയാണ്. എന്നാല്‍ കോവിഡ് നിയന്ത്രണം മൂലം ഇത്തവണ വില്‍പ്പന കുറഞ്ഞതോടെയാണ് തപാല്‍ വഴിയുള്ള പ്രസാദ വിതരണം ഊര്‍ജിതമാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.